കാസര്‍കോട്ടേക്ക് തിരിച്ച 27 പേരടങ്ങുന്ന വിദഗ്ധ സംഘം സഞ്ചരിച്ച ലോ ഫ്‌ലോര്‍ തകരാറിലായി

ആലപ്പുഴ: അതീവ ജാഗ്രത തുടരുന്ന കാസര്‍കോടിന് സഹായത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് 27 പേരടങ്ങുന്ന വിദഗ്ധ സംഘം സഞ്ചരിച്ച എസ് സി ലോ ഫ്‌ലോര്‍ ബസ് ഹരിപ്പാട് വെച്ച് തകരാറിലായി. കോവിഡ് ആശുപത്രി സജ്ജീകരിക്കുന്നത് അടക്കമുള്ള നടപടികള്‍ക്കായി തലസ്ഥാനത്ത് നിന്നും പുറപ്പെട്ട തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 10 ഡോക്ടര്‍മാരും 10 നഴ്‌സുമാരും അഞ്ച് നഴ്‌സിങ് അസിസ്റ്റന്റുമാരുമടങ്ങുന്ന സംഘം സഞ്ചരിച്ച ബസാണ് യാത്രമാധ്യേ തകരാറിലായത്. ഒരു മണിക്കൂറോളം ബസ് വഴിയില്‍ കിടന്നു. തകരാര്‍ പരിഹരിച്ച ശേഷം ബസ് വീണ്ടും പുറപ്പെട്ടു.

ഡോക്ടര്‍മാര്‍ സ്വമേധയായാണ് പോകുന്നതെന്നും ഈ ടീം കഴിഞ്ഞാല്‍ അടുത്ത സംഘം പോകുമെന്നും കാസര്‍കോട്ടേക്ക് സേവനത്തിനായി യാത്ര തിരിച്ച ഡോക്ടര്‍മാരെ പ്രത്യേകം അഭിനന്ദിക്കുന്നതായും ആരോഗ്യമന്ത്രി അറിയിച്ചു. നിലവില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്നത്. കാസര്‍കോട് മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ ഒരുക്കുന്ന കൊവിഡ് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തികള്‍ അതിവേഗമാണ് പുരോഗമിക്കുന്നത്.

Share
Leave a Comment