ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യക്ക് 1 ബില്യണ്‍ ഡോളര്‍ അനുവദിച്ച് ലോക ബാങ്ക്. നിലവിലെ സാഹചര്യത്തില്‍ ലോക ബാങ്കില്‍ നിന്നും തുക അനുവദിച്ചത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ രാജ്യത്തെ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്റ് ഹെല്‍ത്ത് സിസ്റ്റം പ്രിപ്പേഡ്‌നെസ്സ് പ്രൊജക്ടിന്റെ ഭാഗമായാണ് പണം അനുവദിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും രോഗം ബാധിച്ചവരുടെ ആവശ്യങ്ങള്‍ തുക ഉപയോഗിച്ച് നിറവേറ്റാന്‍ സാധിക്കും. കൂടാതെ അടിയന്തിര വൈദ്യസഹായം, പരിശോധന, എന്നീ ആവശ്യങ്ങളും നടപ്പിലാക്കാം.
ആരോഗ്യരംഗം ശക്തിപ്പെടുത്താനുള്ള ലോക ബാങ്കിന്റെ ഇടപെടല്‍ കൊറോണ വൈറസ് ബാധക്കെതിരായ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും. കോവിഡ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നത് തടയാനും, നിലവിലെ പ്രാദേശിക വ്യാപനം കുറയ്ക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിച്ച തുക ഉപയോഗിച്ച് ആവിഷ്‌കരിക്കാമെന്ന് ലോകബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
തുക ഉപയോഗിച്ച് കൂടുതല്‍ പരിശോധന കിറ്റുകളും, ഐസൊലേഷന്‍ വാര്‍ഡുകളും രാജ്യത്ത് തന്നെ നിര്‍മ്മിച്ചെടുക്കാം. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ തുക ഉപയോഗിച്ച് ഏര്‍പ്പാടാക്കാം.
Post Your Comments