ദോഹ : ഖത്തറില്‍ 58 കാരനായ പ്രവാസി കൂടി മരണപ്പെട്ടതോടെ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ന്യൂമോണിയ ഗുരുതരമായി ബാധിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്നലെ 114 പേരിൽ രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ 949 ആയി ഉയര്‍ന്നു. വിദേശയാത്ര കഴിഞ്ഞ് ഖത്തറില്‍ തിരികെ എത്തിയവരിലും,രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലുമാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്.
877 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഒരാള്‍ക്ക് കൂടി രോഗം ഭേദമായതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 72 ആയി. നിലവിൽ 26,260 പേരില്‍ കൊവിഡ്-19 പരിശോധന നടത്തി. ഇന്നലെ മാത്രം 1,435 പേരിലാണ് പരിശോധന നടത്തിയത്. പുതിയ സാങ്കേതിക വിദ്യയുള്ള മെഷീന്‍ ഉപയോഗിച്ചുള്ള രോഗനിര്‍ണയത്തിലൂടെ കൂടുതല്‍ പേരുടെ പരിശോധനാഫലം വേഗത്തില്‍ അറിയാൻ സാധിക്കുന്നതിനാലാണ് രോഗസംഖ്യ ദിനംപ്രതി ഉയരാന്‍ കാരണം. രാജ്യത്തെ ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Also read : വുഹാനില്‍ വീണ്ടും കോവിഡ്-19 റിപ്പോര്‍ട്ട് : രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നത് ചൈനയ്ക്ക് ആശങ്ക
യുഎഇയിൽ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം ഉയരുന്നു, വ്യാഴാഴ്ച 210 പേർക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം ആയിരം കടന്നു.വെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക കണക്ക് അനുസരിച്ച് 1024 പേർക്കാണ് യുഎഇയിൽ കോവിഡ് ബാധിച്ചിരിക്കുന്നത്. അസുഖം ഭേദമായവരുടെ എണ്ണം 96 ആയെന്നും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് രണ്ട് പേര്‍ കൂടി മരണപ്പെട്ടു. ഏഷ്യക്കാരനായ 62 വയസുകാരനും ജിസിസി പൌരനായ 78കാരനുമാണ് ഇന്നലെ മരിച്ചതെന്നും, ഇരുവര്‍ക്കും ഹൃദ്രോഗം ഉള്‍പ്പെടെയുള്ള മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.
കുവൈറ്റിൽ കൊവിഡ് 19 വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ, 14 ഇന്ത്യക്കാരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള ഇന്ത്യക്കാരുടെ എണ്ണം 74ആയി ഉയർന്നു. അതോടൊപ്പം തന്നെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 342 ആയി ഉയര്‍ന്നിട്ടുണ്ട്. പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാര്‍ക്കു പുറമെ അഞ്ചു സ്വദേശികള്‍ക്കും ഒരു ഫിലിപ്പൈന്‍ പൗരന്‍, നാല് ബംഗ്ലാദേശ് പൗരന്മാര്‍, ഒരു ഈജിപ്ത് പൗരന്‍ എന്നിവരിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.
രോഗമുക്തരായവരുടെ എണ്ണം 81 ആയി. നിലവില്‍ 261 പേരാണ് ചികിത്സയിലുള്ളത്. പതിനഞ്ചു പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. വൈറസ് വ്യാപനം തടയുവാനായി ശക്തമായ പ്രതിരോധ നടപടികളാണ് കുവൈറ്റ് ഭരണകൂടം നടപ്പാക്കുന്നത്. ജലീബ്, മഹബൂല പ്രദേശങ്ങളുടെ നിയന്ത്രണം പ്രത്യേകസേന ഏറ്റെടുത്തു. ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലൊക്കെ നിരവധി പേർക്ക് കൊവിഡ് ബാധ സംശയിക്കപ്പെട്ടതിനെ തുടര്‍ന്ന് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
Post Your Comments