കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യസര്‍വീസുകള്‍ മാത്രമാണ് ലഭ്യമാകുന്നത്. ഈ കാലഘട്ടത്തില്‍ ആശുപത്രികളും മറ്റും പോകുന്നതിന് നിയന്ത്രണങ്ങളുണ്ട്. വൈറസ് പകരാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തിരമായ സാഹചര്യങ്ങളില്‍ അല്ലാതെയുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നാണ് സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും നല്കുന്ന നിര്‍ദ്ദേശം.
അതുകൊണ്ട് തന്നെ കോവിഡ് 19 കാലഘട്ടത്തില്‍ അടിയന്തിര ചികിത്സ നേടേണ്ട നേത്രരോഗങ്ങള്‍ ഏതൊക്കെയെന്ന് വിവരിക്കുകയാണ് തിരുവനന്തപുരം ദിവ്യ പ്രഭാ കണ്ണാശുപത്രിയിലെ നേത്രരോഗ വിദഗ്ധന്‍ ഡോ.ദേവിന് പ്രഭാകര്‍. താഴെ പറയുന്ന നേത്രരോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും എത്രയും പെട്ടെന്ന് ഒരു നേത്രരോഗ വിദഗ്ദ്ധനെ കാണണമെന്ന് ഡോക്ടര്‍ പറയുന്നു.
കണ്ണിന് എന്തെങ്കിലും തട്ടുകിട്ടുകയോ വേദനയോ ചുവപ്പോ എന്തെങ്കിലും ഉണ്ടെങ്കില്‍ നിര്‍ബന്ധമായും നേത്രരോഗവിദഗ്ധനെ കാണണം. കൂടാതെ കാഴ്ചയ്ക്കുള്ള മങ്ങള്‍, കണ്ണിനുള്ളില്‍ അതിയായ വേദന, ചുമപ്പ് വരിക, രണ്ട് കണ്ണില്‍ കൃഷ്ണമണികള്‍ രണ്ട് വശത്തായി കാണുക, കണ്ണിന്റെ ചലനത്തില്‍ വ്യത്യാസം തോന്നുക, കണ്ണിന്റെ പോള താഴേക്ക് വരുന്നതായിട്ട് തോന്നുക, കണ്ണ് ഒരുപാട് തുറിച്ചു നോക്കുന്നതായിട്ട് തോന്നുക, കണ്ണ് ഒരുപാട് തള്ളി വരുന്നതായിട്ട് തോന്നുക, കണ്ണ് മങ്ങി വരിക, കാര്യങ്ങള്‍ രണ്ടായി കാണുക തുടങ്ങിയവ അടിയന്തിര ചികിത്സ ആവശ്യമുള്ള നേത്രരോഗങ്ങളാണ്. കൂടെ വേദനയും ചുവപ്പും വരിക, വെളിച്ചത്തേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് കണ്ണിന്റെ നാല് ചുറ്റും രക്തം കട്ടപിടിച്ച് കിടക്കുക, അല്ലെങ്കില്‍ കല്ലിച്ച് കിടക്കുക, കറുപ്പ് നിറത്തില്‍ കാണുക ഇതൊക്കെ അത്യാവശ്യമായി ചികിത്സ തേടേണ്ട നേത്രരോഗങ്ങളാണ്.
കണ്ണിലെ ചെറിയ ചൊറിച്ചില്‍, കരകരപ്പ്, വെള്ളമൊലിപ്പ് , കമ്പ്യൂട്ടറില്‍ നോക്കുമ്പോഴുള്ള വേദന, തലവേദന തുടങ്ങിയ കാര്യങ്ങള്‍ക്ക് അടിയന്തിരമായി ഡോക്ടറെ കാണേണ്ടതില്ല. അതേസമയം, കഠിനമായ തലവേദന അല്ലെങ്കില്‍ തലവേദനയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ഏത് രീതിയുള്ള തലവേദനയാണ് വരുന്നത് തുടങ്ങിയവയ്ക്ക് വ്യത്യാസമുണ്ടെങ്കില്‍ നിര്‍ബന്ധമായും ഒരു നേത്രരോഗ വിദഗ്ദ്ധനെ കാണമെന്ന് ഡോക്ടര്‍ ദേവിന് പ്രഭാകര്‍ പറയുന്നു.
അടിയന്തിര ചികിത്സ ആവശ്യമുള്ള നേത്രരോഗങ്ങളെക്കുറിച്ച് കൂടുതലറിയാനും അവ അങ്ങനെ തിരിച്ചറിയാമെന്നും ഡോക്ടര്‍ വിശദീകരിക്കുന്ന വീഡിയോ കാണാം.
Post Your Comments