തിരുവനന്തപുരം• കേരളത്തിലെ എട്ടു ജില്ലകള്‍ കോവിഡ് -19 ഹോട്ട്സ്പോട്ടുകളുടെ പട്ടികയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളെയാണ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം, ഇന്ന് സംസ്ഥാനത്ത് 21 പേര്‍ക്ക് കൂടി കോവിഡ് – 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കാസര്‍ഗോഡ് -8, ഇടുക്കി – 5, കൊല്ലം-2, തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂര്‍ , കോഴിക്കോട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ഓരോ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്ന് സ്ഥിരീകരിച്ചവരില്‍ രണ്ട് പേര് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇന്ന് കൊറോണ സ്ഥിരീകരിച്ചവരില്‍ കൊല്ലത്തെ 27 വയസുള്ള ഗര്‍ഭിണിയായ സ്ത്രീയുമുണ്ട്. ഖത്തറില്‍ നിന്നെത്തിയ കൊല്ലം കടയ്ക്കല്‍ ഇട്ടിവാ മണ്ണൂര്‍ സ്വദേശിയായ യുവതിയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 286 ആയി. 256 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗബാധിതരില്‍ 200 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ചികിത്സയില്‍ കഴിയുന്നവരില്‍ 7 പേര്‍ വിദേശികളാണ്. 28 പേര്‍ രോഗമുക്തരായി.
1,65,934 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,65,291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. വ്യാഴാഴ്ച മാത്രം 145 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8556 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 7642 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments