കൊച്ചി: ഭക്ഷണം തന്നില്ലെന്ന് പരാതിപ്പെട്ട യുപി സ്വദേശിയായ തൊഴിലാളിയെ മര്‍ദിച്ച കേസില്‍ ഇടപ്പള്ളി ബ്രൈറ്റ് സെക്യൂരിറ്റീസ് ഉടമ ബിജു(47) വിനെ അറസ്റ്റ് ചെയ്തു. ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ലോക്ഡൗണ്‍ വന്നതിനെ തുടര്‍ന്ന് ജോലി ഇല്ലാതായതോടെ വരുമാനം നഷ്ടപ്പെട്ട കൗശലേന്ദ്ര പാണ്ഡെ കൂലിയും ഭക്ഷണവും വെള്ളവും നല്‍കണമെന്ന് തൊഴിലുടമയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇയാള്‍ അത് നിരസിച്ചതോടെ പാണ്ഡെ ലേബര്‍ ഓഫിസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് എറണാകുളം രണ്ടാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഇടപെട്ട് തൊഴിലുടമയോട് ഭക്ഷണവും ശമ്പളവും നല്‍കുവാന്‍ നിര്‍ദേശം നല്‍കി. ഇതോടെ പരാതിപ്പെട്ടത് ചോദ്യം ചെയ്ത് തൊഴിലുടമ തന്നെ മര്‍ദിച്ചെന്നാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന ഇയാള്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്. ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം എളമക്കര പൊലീസ് കേസ് എടുത്ത് പ്രതിയെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.
Post Your Comments