ഇരിട്ടി (കണ്ണൂര്‍) : ലോക്ക് ഡൗണ്‍ ശക്‌തമാക്കിയതോടെ ജില്ലയിലെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കര്‍ണാടകയിലേക്ക് പലായനം തുടങ്ങി. ഇവരില്‍ ഏറെയും ചെങ്കല്‍ മേഖലയില്‍ ജോലിചെയ്യുന്നവരാണ്. അതിര്‍ത്തി പ്രദേശങ്ങളിലുള്‍പ്പെടെ പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നിരീക്ഷണവും പരിശോധനയും ശക്‌തമാക്കിയിട്ടും ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍നിന്നും സ്വന്തം നാടുകളിലേക്ക് കടക്കുകയാണ്.
ജില്ലയിലെ ചെങ്കല്‍ മേഖലകളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും കര്‍ണ്ണാടകയിലെ ഷിമോഗ ജില്ലക്കാരാണ്. ഇതോടെ ചെങ്കല്‍ മേഖല നിശ്‌ചലമായി. പണി ഇല്ലാതായതിനെത്തുടര്‍ന്ന് പട്ടിണി ആയതോടെയാണ് ഇവര്‍ കൂട്ടത്തോടെ ജന്മനാട്ടിലെക്ക് പലായനം ചെയ്യുന്നതെന്നാണ് പറയുന്നത്. കൂട്ടുപുഴ അതിര്‍ത്തിയില്‍ നിരീക്ഷകരുടെ കണ്ണുവെട്ടിച്ച് ഊടുവഴികളിലൂടെ കര്‍ണാടക പാതയിലെത്തുന്ന ഇവര്‍ മാക്കൂട്ടം ചുരം കയറി വീരാജ് പേട്ടയിലെത്തിയാല്‍ എന്തെങ്കിലും വാഹനസൗകര്യം നാട്ടിലേക്കു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലായനം ചെയ്യുന്നത്.
അതേ സമയം തൊഴിലാളികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും കേരളത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ ചെയ്‌തുകൊടുക്കുന്നുണ്ട്. കര്‍ണാടകയില്‍നിന്നു കേരള അതിര്‍ത്തിയിലും കേരളത്തില്‍നിന്നും കര്‍ണാടകയിലേക്കും പോകാന്‍ ശ്രമിക്കുന്നവരെ താമസിപ്പിക്കാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രണ്ട് കോവിഡ് കേന്ദ്രങ്ങള്‍ തുടങ്ങിയിരുന്നു. കൂടാതെ റോഡരികില്‍ സുരക്ഷയൊരുക്കി പോലീസും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരും നില്‍ക്കുമ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ കണ്ണുവെട്ടിച്ചുള്ള കൂട്ടപലായനം നടക്കുന്നത്.
Post Your Comments