KeralaLatest NewsNews

സാറിന്റെ ഉപദേശം കൊള്ളാം, പക്ഷേ കേരളത്തിന്റെ രീതി അതല്ല, ഒരു കാരണവശാലും അത് ആയിരിക്കാനും പാടില്ല

മറ്റ് സംസ്ഥാനത്ത് നിന്ന് ഇവിടെ വന്ന് ജോലി ചെയ്യുന്ന തൊഴിലാളികളെ ഇവിടെനിന്ന് ഓടിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജസേനന്‍ പോസ്റ്റ് ചെയത വീഡിയോയ്ക്ക് മറുപടിയുമായി ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. രാജസേനന്‍ പറഞ്ഞിരിക്കുന്നതില്‍ വസ്തുതാപരമായ ഒന്നിലധികം പിശകുകളുണ്ട്. നിയമവിരുദ്ധതയുണ്ട്, മനുഷ്യത്വവിരുദ്ധതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 ഒരു ഇന്ത്യന്‍ പൗരനു വാഗ്ദാനം ചെയ്യുന്ന സഞ്ചാരസ്വാതന്ത്ര്യമടക്കമുള്ള സ്വാതന്ത്ര്യങ്ങള്‍ക്ക് എതിരാണ് നിങ്ങളീപ്പറയുന്ന ഓടിക്കലെന്നും അവര്‍ ഹോട്ടലില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതില്‍പ്പിന്നെയാണ് അവിടെനിന്ന് കഴിക്കുന്നവര്‍ക്ക് രോഗങ്ങളുണ്ടായത് എന്ന വാദം സംബന്ധമാണെന്നും ഹോട്ടലുകളുടെ ശുചിത്വമാണ് പ്രശ്‌നമെങ്കില്‍ അത് ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ, ഹോട്ടലുടമയുടെ കൂടി ഉത്തരവാദിത്വമാണെന്നും നെല്‍സണ്‍ ഓര്‍മിപ്പിച്ചു.

നെല്‍സണ്‍ ജോസഫിന്റെ ഫെയസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;*

മറ്റ് സംസ്ഥാനത്ത് നിന്ന് ഇവിടെ വന്ന് ജോലി ചെയ്യുന്ന തൊഴിലാളികളെ ഇവിടെനിന്ന് ഓടിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജസേനന്റെ ഫേസ്ബുക്ക് വീഡിയോ കാണുകയുണ്ടായി.

സാറിന്റെ ഉപദേശം കൊള്ളാം. പക്ഷേ കേരളത്തിന്റെ രീതി അതല്ല. ഒരു കാരണവശാലും അത് ആയിരിക്കാനും പാടില്ല.

നിങ്ങള്‍ പറഞ്ഞിരിക്കുന്നതില്‍ വസ്തുതാപരമായ ഒന്നിലധികം പിശകുകളുണ്ട്. നിയമവിരുദ്ധതയുണ്ട്, മനുഷ്യത്വവിരുദ്ധതയുണ്ട്. ഓരോന്നായിട്ട് പറയാം.

ഒന്നാമത്തെ കാര്യം അവരെ ഈ നാട്ടില്‍ നിന്ന് ഓടിക്കണമെന്ന ‘ അഭ്യര്‍ഥന ‘ തന്നെയാണ്. സമയം കിട്ടുമ്പൊ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 ഒന്ന് വായിച്ചു നോക്കണം. അതില്‍ ഒരു ഇന്ത്യന്‍ പൗരനു ഭരണഘടന വാഗ്ദാനം ചെയ്യുന്ന സഞ്ചാരസ്വാതന്ത്ര്യമടക്കമുള്ള സ്വാതന്ത്ര്യങ്ങള്‍ക്ക് എതിരാണ് നിങ്ങളീപ്പറയുന്ന ഓടിക്കല്‍.

രണ്ടാമത്തേത് അവര്‍ ഹോട്ടലില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതില്‍പ്പിന്നെയാണ് അവിടെനിന്ന് കഴിക്കുന്നവര്‍ക്ക് രോഗങ്ങളുണ്ടായത് എന്ന വാദം. എന്തൊരു അസംബന്ധമാണെന്ന് ഇവിടെ മുന്‍പുണ്ടായിരുന്ന രോഗങ്ങളുടെ ലിസ്റ്റെടുത്ത് നോക്കിയാല്‍ മനസിലാവും.

രോഗങ്ങളും മറ്റ് പ്രശ്‌നങ്ങളുമൊക്കെ ഇവിടെ പത്ത് കൊല്ലത്തിനു മുന്‍പും ഉണ്ടായിരുന്നു. ഇനി ഹോട്ടലുകളുടെ ശുചിത്വമാണ് പ്രശ്‌നമെങ്കില്‍ അത് ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ, ഹോട്ടലുടമയുടെ കൂടി ഉത്തരവാദിത്വമാണ്.

മലയാളിയുടെ തൊഴില്‍ സാദ്ധ്യത കുറച്ചത്രേ. ചിരിപ്പിക്കല്ലേ സാറേ.

മറ്റ് സംസ്ഥാനത്ത് നിന്ന് വരുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ കിട്ടാന്‍ പല കാരണങ്ങളുണ്ട്. ഒന്ന് അവര്‍ നല്ലതുപോലെ ചൂഷണത്തിനു വിധേയമാവുന്നുണ്ട്. തൊഴില്‍ സ്ഥലത്ത് അവരോട് മോശമായ പെരുമാറ്റവും താമസിക്കാന്‍ സൗകര്യങ്ങള്‍ കുറഞ്ഞ സ്ഥലങ്ങളും കൂലിയിലെയും ആനുകൂല്യങ്ങളിലെയും കുറവുമെല്ലാം..

ഇപ്പറഞ്ഞ സംഗതികള്‍ മലയാളികളോട് ചെയ്താല്‍ അതിന്റേതായ പ്രശ്‌നങ്ങളുണ്ടാവുമെന്ന് അറിയാം….അല്ലേ?

അമേരിക്കയിലേക്ക് വരുന്ന ഇമിഗ്രന്റ് ജോലി കൊണ്ടുപോവുന്നു എന്ന് പറഞ്ഞ് കരഞ്ഞ വെള്ളക്കാരനോട് പറയുന്ന മറുപടിയേ ഇവിടെയും പറയാനുള്ളൂ. നിങ്ങളെക്കാള്‍ പരിമിതമായ സാഹചര്യത്തില്‍ നിന്ന് വരുന്ന അവര്‍ക്ക് നിങ്ങളെക്കാള്‍ ക്വാളിഫിക്കേഷനുണ്ടെന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ അത് അവരുടെ തെറ്റല്ല..നിങ്ങളുടെ പ്രശ്‌നമാണ് എന്ന്..

മറ്റ് സംസ്ഥാനത്ത് നിന്ന് വരുന്നവരാണ് കുറ്റകൃത്യങ്ങളും മറ്റും വര്‍ദ്ധിപ്പിക്കുന്നത് എന്ന വാദമൊക്കെ കണക്കുകള്‍ നിരത്തി പൊളിച്ചടുക്കി വിട്ടിട്ടുള്ളതാണ്.

പൗരത്വ പ്രതിഷേധത്തിനു കേരളത്തില്‍ മറ്റ് സംസ്ഥാനത്ത് നിന്ന് വരുന്നവരുടെ ആവശ്യമില്ല. ഇവിടെയുള്ളോര്‍ തന്നെ ധാരാളമാണ്.

ഇനി ഇതേ കാര്യം സാറ് തിരിച്ചൊന്നാലോചിച്ചേ….

ഇവിടെനിന്ന് മറ്റ് സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലുമെല്ലാം ജോലിക്ക് പോവുന്നവരെ വഴിക്ക് പിടിച്ചുനിര്‍ത്തി തല്ലാനും അടിച്ചോടിക്കാനും തുടങ്ങിയാല്‍ എന്തായിരിക്കും സ്ഥിതിയെന്ന്….

അതാണ്..

അതുകൊണ്ട് ഇത്തരം ഉപദേശങ്ങള്‍ക്കും അഭ്യര്‍ഥനകള്‍ക്കും ഇവിടെ സ്ഥാനം അനുവദിച്ചുതരാനാവില്ല.

അതല്ല ഇവിടത്തെ രീതി..

shortlink

Related Articles

Post Your Comments

Related Articles


Back to top button