മുംബൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനും ഇതിഹാസ താരവും ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച കീപ്പറും മികച്ച ഫിനിഷറുമായ എംഎസ് ധോണി ക്രിക്കറ്റിനോടു വിട പറയാന്‍ തയ്യാറെടുക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കളി മതിയാക്കുന്നതിനെക്കുറിച്ച് താന്‍ ആലോചിക്കുന്നതായും അധികം വൈകാതെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് ധോണി തങ്ങളോടു സൂചിപ്പിച്ചെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
വിരമിക്കാന്‍ മാനസികമായി ധോണി തയ്യാറായിക്കഴിഞ്ഞെന്നും അതേക്കുറിച്ച് തങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നതായും എന്നാല്‍ ബിസിസിഐ ഒഫീഷ്യലുകളുമായി ധോണി ഇതേക്കുറിച്ചു സംസാരിച്ചിട്ടില്ല. ശരിയായ സമയത്തു തന്നെ അദ്ദേഹം ഇക്കാര്യം അവരെ അറിയിക്കുമെന്നും അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.
ഐപിഎല്ലിനു മുമ്പ് എന്തായാലും ധോണി കളി നിര്‍ത്തില്ലെന്നും ഐപിഎല്ലിലെ സ്വന്തം പ്രകടനം കൂടി വിലയിരുത്തിയ ശേഷം മാത്രമേ വിരമിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കൂ. ഐപിഎല്ലിനു വേണ്ടിയാണ് ധോണി കാത്തിരുന്നത്. ഇല്ലായിരുന്നെങ്കില്‍ വളരെ മുമ്പ് തന്നെ അദ്ദേഹം കളി നിര്‍ത്തുമായിരുന്നുവെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ധോണി അവസാനമായി ദേശീയ ടീമിനു വേണ്ടി കളിച്ചത്. അന്നു സെമിയില്‍ പരാജയപ്പെട്ടതിനു ശേഷം പിന്നീട് ഒരു വര്‍ഷം നീണ്ട ഇടവേളയാണ് താരം എടുത്തത്. എന്നാല്‍ കുട്ടി ക്രിക്കറ്റിന്റെ ലോകകപ്പിലൂടെ ടീമില്‍ തിരിച്ചെത്തുമെന്നു പ്രതീക്ഷയിലായിരുന്നു ആരാധകര്‍. അതിനു വേണ്ടി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനു വേണ്ടി കളിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ധോണി തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് എല്ലാം തകിടം മറിച്ച് കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഐപിഎല്‍ മാറ്റി വച്ചത്. ഈ വര്‍ഷം ഇനി ടൂര്‍ണമെന്റ് നടക്കുമോയെന്ന കാര്യം തന്നെ സംശയത്തിലാണ്.
അങ്ങനെയെങ്കില്‍ താരത്തിനെ ഇനി ഇന്ത്യന്‍ ജെഴ്‌സിയില്‍ കാണാന്‍ സാധിക്കുമോ എന്നതു തന്നെ സംശയമാണ്. ധോണിയുടെ നിശബ്ദതയും പിന്മാറ്റവുമെല്ലാം പല മുന്‍ ഇന്ത്യന്‍ താരങ്ങളെയും ചൊടിപ്പിച്ചിരുന്നു. സെവാഗ് അടക്കമുള്ള താരങ്ങള്‍ ദോണി വിരമിക്കണമെന്നും പണ്ട് തങ്ങളോട് പറഞ്ഞ പോലെ യുവ താരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും സെവാഗ് പറഞ്ഞിരുന്നു. ഐപിഎല്‍ നഷ്ടമായാല്‍ ഒരു വിടവാങ്ങള്‍ മത്സരത്തിനാവും ഇനി താരത്തിന്റെ ശ്രമം.
Post Your Comments