തിരുവനന്തപുരം • കൊറോണ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതര സംസ്ഥാന തൊഴിലാളികൾ പായിപ്പാട് കൂട്ടത്തോടെ പ്രതിഷേധിക്കേണ്ട സാഹചര്യം ഉണ്ടായത് സർക്കാർ സംവിധാനങ്ങളുടെ പാളിച്ചയാണ് സൂചിപ്പിക്കുന്നതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടം ചേരുന്നത് തുടക്കത്തിലെ തടയാൻ പൊലീസിനായില്ല. ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറയുന്നതല്ലാതെ ഫലത്തിൽ ഒന്നും നടക്കുന്നില്ല. സംസ്ഥാനമൊട്ടാകെ ഇത്തരം പ്രശ്നങ്ങൾ നിരവധിയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ കമ്യൂണിറ്റി കിച്ചൺ ആരംഭിച്ചെങ്കിലും സർക്കാർ ഇതിനു വേണ്ടി തദ്ദേശ സ്ഥാപനങ്ങൾക്ക് പണം അനുവദിച്ചിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ നിരവധിയാളുകൾ ലോക്ക് ഡൗണിന്റെ തുടക്കത്തിൽ തന്നെ കഷ്ടതയനുഭവിക്കുന്ന സാഹചര്യമാണുള്ളത്. വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകും. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ട്. എന്നാൽ പ്രായോഗികതലത്തിൽ അതൊന്നും നടപ്പിലാക്കിയില്ല. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇത്തരം പ്രവർത്തനങ്ങൾക്ക് പണം അനുവദിക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Post Your Comments