ന്യൂഡൽഹി: കൊവിഡ് ബാധിതരുടെ കണക്കുകളിൽ ആയിരത്തിന് മുകളിലേക്ക് ഇന്ത്യയും. 1024 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ ഇരുപത്തിയേഴായി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് മരണവും നൂറ്റിയന്‍പത്തിയൊന്ന് പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഡല്‍ഹിയില്‍ രോഗ ബാധിതരുടെ എണ്ണം കുതിക്കുകയാണ്. ഇന്ന് മാത്രം 23 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കരസേനയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അതേസമയം, അതിഥി തൊഴിലാളികളുടെ പലായനം തടയാന്‍ സംസ്ഥാനങ്ങള്‍ അതിര്‍ത്തി അടയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഇതോടൊപ്പം തൊഴിലാളികള്‍ ഉള്ള സ്ഥലങ്ങളില്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ഉറപ്പാക്കണം. വേതനം കൃത്യമായി ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.
തൊഴിലാളികളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ഇതിനായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
Post Your Comments