അബുദാബി•യു.എ.ഇയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരു മരണം കൂടി രേഖപ്പെടുത്തി. 47 കാരിയായ അറബ് വനിതയാണ് മരിച്ചത്. സങ്കീര്‍ണ്ണമായ രോഗാവസ്ഥകള്‍ ഉണ്ടായിരുന്ന ഇവരുടെ ആരോഗ്യനില കൊറോണ വൈറസ് ബാധയോടെ കൂടുതല്‍ വഷളായി. ഇത് ഒടുവില്‍ മരണത്തില്‍ കലാശിക്കുകയായിരുന്നു. ഇതോടെ യു.എ.ഇയില്‍ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
അതേസമയം, ഞായറാഴ്ച 102 പുതിയ കൊറോണ വൈറസ് (കോവിഡ് -19) കേസുകള്‍ കൂടി യു.എ.ഇ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതോടെ രാജ്യത്തെ മൊത്തം കേസുകൾ 570 ആയി. മൂന്ന് പേര്‍ക്ക് രോഗം ഭേദപ്പെട്ടതായും വാം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം 58 പേര്‍ക്ക് രോഗം ഭേദപ്പെട്ടു.
പുതിയ കേസുകൾ ഇനിപ്പറയുന്ന രാജ്യങ്ങളിലെ പൗരന്മാരാണ്:
– ന്യൂസിലാന്റ്, സ്ലൊവാക്യ, മൊറോക്കോ, ഗ്രീസ്, ചൈന, ഫ്രാൻസ്, ജർമ്മനി, അൾജീരിയ, ഇറാഖ്, കൊളംബിയ, വെനിസ്വേല, പോളണ്ട് എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍
– ബ്രസീൽ, സ്വീഡൻ, ഓസ്‌ട്രേലിയ, എത്യോപ്യ, കാനഡ, ലെബനൻ, സുഡാൻ, സൗദി അറേബ്യ, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടുപേർ
– ഇറ്റലിയിൽ നിന്നും അയർലണ്ടിൽ നിന്നും മൂന്ന് കേസുകൾ
– ഈജിപ്തിൽ നിന്നുള്ള ആറ് പേർ
– യുഎഇ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് പേർ
– ബ്രിട്ടനിൽ നിന്നുള്ള 16 പേർ
– ഇന്ത്യയിൽ നിന്ന് 30 പേർ.
എല്ലാ കേസുകളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ ആരോഗ്യ പരിരക്ഷ ലഭിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
മരണപ്പെട്ടയാളുടെ കുടുംബത്തോട് ദുഖവും അനുശോചനവും അറിയിക്കുന്നതായും മന്ത്രലായത്തിന്റെ പ്രസ്താവന പറയുന്നു.
Post Your Comments