കൊച്ചി: ലോക്ക് ഡൗണിൽ രാജ്യം മുഴുവൻ വീട്ടിലിരിക്കുകയാണ്. എന്നാൽ വീട് എന്ന സങ്കല്പത്തെ കുറിച്ച് സ്വപ്നം പോലും കാണാത്ത ചിലർ എങ്ങനെ വീട്ടിലിരിക്കും? കോവിഡ് എന്താണെന്നു പോലും അറിയാത്ത ചില ജീവിതങ്ങൾ കൊച്ചിയിലെ തെരുവിൽ ഉണ്ട്.
ഈ അടിയന്തര സാഹചര്യത്തിലും പ്രതിരോധ മാർഗങ്ങൾ ലഭ്യമാകാത്തവരാണ് ഇക്കൂട്ടർ. ഷെൽട്ടർ ഹോമുകളിലേക്ക് പോകാനും ഇവർ തയാറല്ല. കട തിണ്ണയും, ബസ് സ്റ്റോപ്പും, വഴിയരിക്കുമെല്ലാമാണ് ഇവരുടെ കൊട്ടാരം. ഈ അടിയന്തര സാഹചര്യത്തിൽ ഇവരെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും ചിലർക്കെല്ലാം ഇപ്പോഴും ആകാശം തന്നെയാണ് മേൽക്കൂര.
നാട്ടിൽ നന്മ ലോക്ക് ഡൗൺ ആകാത്തതിനാൽ ഇവർക്ക് ഭക്ഷണം ലഭിക്കുന്നുണ്ട്. കൊവിഡും, കൊറോണയും ഒന്നും ഒരു പക്ഷേ ഇക്കൂട്ടർ അറിഞ്ഞുകാണില്ല, ആരും അവരോട് പറഞ്ഞിട്ടുമുണ്ടാകില്ല. അതുകൊണ്ട് തന്നെ ഒരു മീറ്റർ അകലവും, മാസ്കും, സാനിറ്റൈസറും ഒന്നും ഇവർക്കിടയിൽ ഇല്ല. ഇവ ലഭ്യമാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണം. ഇനിയും വൈകിയാൽ ഒരുപക്ഷേ വലിയ വിലനൽകേണ്ടി വരും. എന്നാൽ പ്രതിരോധ മാർഗങ്ങൾ ഇല്ലാത്തതിന്റെ ആകുലതകളോ, വേദനകളോ ഇല്ലാതെ ഇത്തരം ആളുകൾ ദേശാടന കിളികളെപോലെ സഞ്ചരിക്കുകയാണ്. തങ്ങൾക്ക് ചുറ്റും ഉണ്ടായിരുന്ന തിരക്കേറിയ നഗരം എവിടെ പോയെന്ന ചോദ്യത്തിന് ഉത്തരം അന്വേഷിച്ച്.
Post Your Comments