സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരില്‍ ഇന്ത്യക്കാരിയായ മൂന്നു വയസ്സുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സിംഗപ്പൂരില്‍ കൊറോണ ബാധിതരുടെ എണ്ണം 631 ആയി. ബുധനാഴ്ച പുതുതായി 73 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
മൂന്ന് വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ 18 പോസിറ്റീവ് കേസുകളാണ് ഫെങ്ങ്ഷാനിലെ പിഎപി കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ സ്പാര്‍ക്കിള്‍ ടോട്സ് എന്ന നഴ്സറി സ്‌കൂളുമായി ബന്ധപ്പെട്ട് കണ്ടെത്തിയത്. നഴ്സറി സ്‌കൂളിന്റെ പ്രധാനധ്യാപകനടക്കം 14 ജീവനക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതില്‍ 38 പേരുടെ യാത്രാവിവരം പരിശോധിച്ചപ്പോള്‍ യൂറോപ്പ്, വടക്കേ അമേരിക്ക, ആസിയാന്‍, കൂടാതെ, ഏഷ്യയിലെ വിവിധ ഭാഗങ്ങളിലേക്കും യാത്ര ചെയ്തിട്ടുള്ളതായി കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധയെ തുടര്‍ന്ന് പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി പ്രീ സ്‌കൂളുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ പിസിഎഫ് കേന്ദ്രങ്ങളും വ്യാഴാഴ്ച മുതല്‍ നാല് ദിവസത്തേക്ക് അടച്ചു.
ഇപ്പോൾ ആശുപത്രിയില്‍ കഴിയുന്ന കൊറോണ രോഗികളില്‍ 404 പേരില്‍ 17 പേരുടെ നില ഗുരുതരവും ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്. അതേസമയം, 160 ഓളം പേര്‍ രോഗവിമുക്തിയോടെ ആശുപത്രി വിട്ടതായും ആരോഗ്യവകുപ്പ് അറിയിച്ചു.
Post Your Comments