ഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സുപ്രധാന തീരുമാനവുമായി ഡല്‍ഹി സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോഗ്യ സുരക്ഷാ രംഗത്തെ സ്വപ്ന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഡല്‍ഹിയില്‍ നടപ്പിലാക്കുമെന്ന് ഡല്‍ഹി ധനകാര്യ മന്ത്രി മനീഷ് സിസോദിയ അറിയിച്ചു.ആയുഷമാന്‍ ഭാരത് പദ്ധതി ഡല്‍ഹിയില്‍ നടപ്പിലാക്കാത്തതിന്റെ പേരില്‍ ആം ആദ്മി പാര്‍ട്ടി നേരത്തെ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.
ദേശീയ തലസ്ഥാനത്ത് പദ്ധതി നടപ്പിലാക്കാത്തതിനെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിമര്‍ശിച്ചിരുന്നു.രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്നവര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സമ്പൂര്‍ണ്ണ ആരോഗ്യ സുരക്ഷയാണ്. കഴിഞ്ഞ മാര്‍ച്ച് മാസം തന്നെ പദ്ധതിയുടെ ഗുണഭോക്താക്കളായ 2.05 കോടി ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു.
ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെ പദ്ധതി പ്രകാരം ചികിത്സാ ആനുകൂല്യത്തിന് വ്യവസ്ഥയുണ്ട്.രാജ്യത്ത് കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ പദ്ധതി നടപ്പിലാക്കുന്നത് പാവപ്പെട്ടവര്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയം ആരോഗ്യ രംഗത്തും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കുന്നത്.
ശസ്ത്രക്രിയ, ചികിത്സ, മരുന്നുകള്‍, രോഗനിര്‍ണ്ണയം, ആശുപത്രികളിലേക്കുള്ള യാത്രാ ചിലവ് എന്നിവ പദ്ധതിക്ക് കീഴില്‍ വരും. പൊതു- സ്വകാര്യ മേഖലകളിലെ പതിനയ്യായിരത്തോളം ആശുപത്രികളാണ് പദ്ധതി നടത്തിപ്പിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2022 ഓടെ പൂര്‍ണ്ണാമായും നടപ്പിലാക്കപ്പെടുന്നതോടെ ലോകത്തിലെ ഏറ്റവും ബൃഹത്തായ സര്‍ക്കാര്‍ ആരോഗ്യ സംരക്ഷണ പദ്ധതിയായി ആയുഷ്മാന്‍ ഭാരത് മാറും.
Post Your Comments