തിരുവനന്തപുരം: കേരളത്തിൽ കോവിഡ് റിപ്പോര്‍ട്ട് ചെയ്യാതിരുന്ന മൂന്നു ജില്ലകളിൽ വൈറസ് സ്ഥിരീകരിച്ചതിൽ ആശങ്കയോടെ ജനങ്ങൾ. പാലക്കാടും ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തി ഒറ്റപ്പാലം താലൂക്ക് ആശുപത്രി ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന ആളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഈ മാസം 20നു നാട്ടിലെത്തിയ ഇയാളെ 21ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോഴിക്കോട്ട് ജില്ലയിലും തിങ്കളാഴ്ച അര്‍ധരാത്രി രണ്ടു പേരിൽ രോഗം സ്ഥിരീകരിച്ചു. കേരളത്തില്‍ നിരീക്ഷണത്തിലുള്ള 72,460 പേരില്‍ 71,994 പേര്‍ വീടുകളിലും 466 പേര്‍ ആശുപത്രികളിലും കഴിയുന്നു. ഇന്നലെ 164 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ 13,326 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ഇതിനകം അയച്ച 4516 സ്രവ സാംപിളുകളില്‍ 3331 എണ്ണം നെഗറ്റീവാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ കോവിഡ് ബാധിതര്‍ സ്ത്രീ ഉള്‍പ്പെടെ 6 പേര്‍ക്കു കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ 44 ആയി. മംഗളൂരുവില്‍ ചികിത്സയിലുള്ള 4 കാസര്‍കോട് സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുകൂടി ചേരുന്നതോടെ കാസര്‍കോട് ജില്ലയിലെ രോഗ ബാധിതരുടെ എണ്ണം 48 ആകും.
Post Your Comments