ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയില്‍ കൊറോണ വൈറസ് ബാധിച്ച് ചൊവ്വാഴ്ച ഒരു കുട്ടി മരിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് 18 വയസ്സിന് താഴെ പ്രായമുള്ളവരുടെ മരണത്തില്‍ ആദ്യത്തേതാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.
‘കൊവിഡ്-19’ എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ സംഭവമെന്ന് ലോസ് ഏഞ്ചലസ് കൗണ്ടി പബ്ലിക് ഹെല്‍ത്ത് വിഭാഗം മേധാവി ബാര്‍ബറ ഫെറര്‍ പറഞ്ഞു. വൈറസ് ബാധിച്ച് കൗണ്ടിയില്‍ നടന്ന മൂന്നാമത്തെ മരണമാണിതെന്ന് അവര്‍ പറഞ്ഞു. കൂടാതെ, കൗണ്ടിയില്‍ 128 സ്ഥിരീകരിച്ച കേസുകളുണ്ടെന്നും അവര്‍ പറഞ്ഞു.
‘ഇപ്പോള്‍ മരണപ്പെട്ടത് ലാന്‍കാസ്റ്ററില്‍ താമസക്കാരനായ 18 വയസ്സിന് താഴെയുള്ള കുട്ടിയാണ്, മറ്റ് രണ്ട് വ്യക്തികള്‍ 50-70 വയസ്സിനിടയിലുള്ളവരാണ്,’ ബാര്‍ബറ ഫെറര്‍ പറഞ്ഞു..
മരണപ്പെട്ട 50-70 വയസ്സിനിടയിലുള്ളവരില്‍ വെസ്റ്റ് ആഡംസില്‍ താമസിച്ചിരുന്ന ഒരാള്‍ക്ക് ആരോഗ്യപരമായി നിലവിലുള്ള അവസ്ഥയുണ്ടായിരുന്നു, മറ്റൊരാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇപ്പോഴും അന്വേഷണത്തിലാണ്.
സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) കഴിഞ്ഞയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍, യുഎസില്‍ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഇതുവരെ 19 വയസോ അതില്‍ കുറവോ പ്രായമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുള്ളത്, ആ ഗ്രൂപ്പിലെ ആരും ഇതുവരെ മരിച്ചിട്ടില്ല എന്നു പറയുന്നു.
ചൈനയില്‍ 14 വയസുള്ള ഒരു ആണ്‍കുട്ടി വൈറസ് ബാധിച്ച് മരിച്ചതായി മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സ്പെയിനില്‍ 10 നും 19 നും ഇടയില്‍ പ്രായമുള്ളയാളും മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലോസ് ആഞ്ചലസില്‍ 662 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 11 മരണങ്ങള്‍ നടന്നതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മൊയ്തീന്‍ പുത്തന്‍ചിറ
Post Your Comments