കൊച്ചി : സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ആഘോഷവേളയാക്കിയവരോട് …. ഞങ്ങള്‍ക്ക് ക്ഷമയുടെ മറ്റൊരു മുഖവുമുണ്ടെന്നു കാണിച്ച് കേരള പൊലീസ്. ആവശ്യമില്ലാതെ കറങ്ങിനടക്കുന്നവരെ കൈകാണിച്ച് നിര്‍ത്തിച്ച് കോവിഡ് 19 നെ കുറിച്ചും ലോക് ഡൗണിനെ കുറിച്ചും വീട്ടിലിരിയ്‌ക്കേണ്ട ആവശ്യകതയെ കുറിച്ചും പറഞ്ഞിട്ടും പലരും ഒരു തമാശയായിട്ടാണ് എടുത്തിരിയ്ക്കുന്നതെന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പൊലീസുകാര്‍ പറയുന്നു.
രാവിലെ മുതല്‍ റോഡിലിറങ്ങിയ പൊലീസുകാര്‍ക്കൊന്നു ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടാത്തത്ര തിരക്കാണ്. ആളുകളോടു പറഞ്ഞാല്‍ മനസ്സിലാകാത്തതിന്റെ വിഷമത്തിലാണ് പൊലീസും. അത്യാവശ്യം ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റും ഇറങ്ങുന്നവരെ പൊലീസ് ഇതുവരെയും വിലക്കിയിട്ടില്ല. പക്ഷേ അനാവശ്യമായി ചുറ്റിക്കറങ്ങുന്നവരോട് കര്‍ശന നിലപാടാണ്.
തിരുവനന്തപുരത്ത് രാവിലെ മ്യൂസിയത്തിനടുത്തു് നടക്കാനിറങ്ങി പൊലീസിനു മുന്നില്‍ ചെന്നു പെട്ടത് ഒരു വിഐപി. ‘സര്‍, നിങ്ങള്‍ മാതൃകയാകേണ്ടവര്‍ ഇങ്ങനെ..’. ‘നീ പോയി നിന്റെ പിണറായിയോട് പറ, അപ്പോള്‍ മനസ്സിലാകും ഞാനാരാണെന്ന്’… ഈ അഹങ്കാരത്തിനൊക്കെ ആരാണു വില കൊടുക്കേണ്ടി വരികയെന്ന് അവര്‍ ചിന്തിച്ചിട്ടുണ്ടാകുമോ? അല്ലെങ്കിലും ഇത്തരക്കാരോടു പൊലീസ് എന്തു ചെയ്യാന്‍; തൊപ്പി തെറിക്കാതിരിക്കാന്‍ കൂടുതല്‍ പറയാതെ പിന്‍മാറുകയല്ലാതെ.. ഗ്രാമപ്രദേശങ്ങളിലാണ് ഏറ്റവും വലിയ പ്രതിസന്ധി. ആളുകള്‍ കൂട്ടംകൂടരുതെന്നും ഇറങ്ങി നടക്കരുതെന്നും പറഞ്ഞാല്‍ അംഗീകരിക്കാന്‍ വലിയ പ്രയാസം.
കണ്ടു പഠിക്കാത്തവര്‍ കൊണ്ടു പഠിക്കും’ എന്നു പറഞ്ഞ് വിട്ടുകൊടുക്കല്‍ സാധ്യമല്ല, കൊണ്ടിട്ടു പഠിക്കാന്‍ ഇവിടെ നമ്മളൊക്കെ ബാക്കി വേണ്ടേ? എന്നു ചോദിച്ചതും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍. ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ പൊലീസ് ഓടിച്ചിട്ടു തല്ലുന്ന വിഡിയോകള്‍ വൈറലാണ്. കേരളത്തില്‍ നിന്നുള്ള വിഡിയോകളുമുണ്ട്. അകത്തിരിക്കാന്‍ കര്‍ശന നിര്‍ദേശമുള്ള കാസര്‍കോടാണ് പൊലീസ് കൂടുതല്‍ അടിച്ച് അനുസരിപ്പിക്കുന്നത് എന്നാണ് മനസ്സിലാകുന്നത്. മറ്റു ജില്ലകളില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അത്ര കടുപ്പിച്ചിട്ടില്ലാത്തതിനാല്‍ പൊലീസിനു കുറച്ചു മയമുണ്ട്. അനുസരിക്കാത്തവരോടുള്ള ജനമൈത്രിയൊക്കെ എന്തായാലും കുറച്ചു നാളത്തേക്കു പൊലീസ് മാറ്റിവച്ചിരിക്കുകയാണ്. വണ്ടി പിടിച്ചെടുക്കുന്നതും കേസെടുക്കുന്നതുമാണ് ഇന്നു മുതല്‍ പൊലീസ് സ്വീകരിച്ചിട്ടുള്ള നടപടികള്‍.
Post Your Comments