ലോകമെമ്പാടും പടര്‍ന്നുപിടിച്ച കോവിഡ്-19 ഭീതി പരത്തി പടര്‍ന്നു പിടിക്കുകയാണ് . ചൈനയിലെ വുഹാനില്‍നിന്നു പൊട്ടിപ്പുറപ്പെട്ട രോഗം ഇപ്പോള്‍ 192 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വലിയ കരുതല്‍ നടപടികളാണ് കൈകൊള്ളുന്നത്.
ആരോഗ്യവകുപ്പിന്റെ കൃത്യമായ നിര്‍ദേശങ്ങള്‍ പാലിക്കുകയും പരമാവധി വീടുകള്‍ക്കുള്ളില്‍ കഴിയുകയും ചെയ്യുകയാണ് തല്‍ക്കാലം കൊറോണയെ പ്രതിരോധിക്കാന്‍ ചെയ്യാവുന്നത്. ചൈനയില്‍ മാത്രം 3270 പേരാണ് കൊറോണ മൂലം മരണമടഞ്ഞത്. എന്നാല്‍ ആശ്വാസം നല്‍കുന്ന വാര്‍ത്തകളാണ് കുറച്ചു ദിവസങ്ങളായി ചൈനയില്‍നിന്നു വരുന്നത്. പുതിയ കൊറോണ കേസുകള്‍ ഒന്നും വുഹാനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതുതന്നെ വലിയ ആശ്വാസം.
എന്നാല്‍ ചൈനയുടെ ആശ്വാസം നീണ്ടകാലം നില്‍ക്കില്ലെന്ന് വെളിപ്പെടുത്തി ഗവേഷകരും ഡോക്ടര്‍മാരും രംഗത്തെത്തി കഴിഞ്ഞു. ബെയ്ജിങ്ങിലെ ഒരു കൊറോണ വൈറസ് സ്‌പെഷലിസ്റ്റ് ഡോ. ലി ലഞ്ച്വാന്‍ പറയുന്നത് ഇങ്ങനെ. കൊറോണയെ ചെറുക്കാന്‍ മുന്നില്‍ നിന്ന ടീമിലെ അംഗമായ ഡോക്ടര്‍, ഒരു രണ്ടാം വൈറസ് ആക്രമണം ചൈനയില്‍ പൊട്ടിപുറപ്പെട്ടേക്കാമെന്നാണ് സൂചിപ്പിക്കുന്നത്. ഇതിനു കാരണമായി ചൂണ്ടികാണിക്കുന്നത്, ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ കേസുകള്‍ രാജ്യത്തിനകത്തു നിന്നല്ല പുറത്തുനിന്ന് എത്തുന്നവരിലൂടെയാണെന്നാണ്. കഴിഞ്ഞ ദിവസം ഗ്വാങ്ഷുവില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു കേസാണ് ഇതിനു തെളിവായി ലീ ചൂണ്ടിക്കാണിക്കുന്നത്.
തുര്‍ക്കിയില്‍നിന്നെത്തിയ ആളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഒരാള്‍ക്കാണ് പുതിയതായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് ഒരു രണ്ടാം ഔട്ട്ബ്രേക്കിന്റെ സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നത്. ഇത്തരം കേസുകള്‍ ഇനിയും ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അതിനെ നിയന്ത്രിക്കുന്നത് കഠിനപ്രയത്‌നമാകുമെന്ന് 73 കാരിയായ ലീ മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോഴും വുഹാനിലെ ആശുപത്രിയില്‍ കൊറോണ രോഗികള്‍ ഉണ്ടെന്നാണ് ലീ പറയുന്നത്. തന്റെ ദൗത്യം പൂര്‍ത്തിയായിട്ടില്ലെന്നും ലീ പറയുന്നു.
തുര്‍ക്കിയിലെ ഇസ്തംബുളില്‍ നിന്നെത്തിയ 34 കാരനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 54 കാരനാണ് ഇപ്പോള്‍ കോവിഡ് ബാധിച്ചിരിക്കുന്നത്. മാര്‍ച്ച് എട്ടിനാണ് ഇയാള്‍ തുര്‍ക്കിയില്‍ നിന്ന് എത്തിയത്. 17ന് രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി.
വൈറസ് ബാധയുള്ള രാജ്യങ്ങളില്‍നിന്ന് എത്തുന്ന ആളുകള്‍ നിര്‍ബന്ധമായും 14 ദിവസം സ്വയം ഐസലേറ്റ് ചെയ്യണമെന്ന് ചൈനീസ് സര്‍ക്കാര്‍ പറഞ്ഞിരിക്കുകയാണ്. നിലവില്‍ ചൈനയില്‍ ലോക്കല്‍ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ വിദേശത്തുനിന്നു മടങ്ങിയവര്‍ വഴി രോഗം ബാധിച്ച 39 കേസുകള്‍ ആണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Post Your Comments