കൊച്ചി : കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു കടന്നുകളഞ്ഞ കാസര്‍കോട്ടെ കോവിഡ്-19 ബാധിതന്‍ സിഗരറ്റ് കള്ളക്കടത്ത് കേസിലെ പ്രതി. 2019 സെപ്റ്റംബറില്‍ 18,000 രൂപയുടെ വിദേശ സിഗരറ്റാണ് ഇയാളുടെ ബാഗേജില്‍നിന്ന് എയര്‍ കസ്റ്റംസ് പിടിച്ചെടുത്തത്. അന്ന് എയര്‍ കസ്റ്റംസ് പിഴ ഈടാക്കി വിട്ടയക്കുകയായിരുന്നു.
എന്നാല്‍ ഇത്തവണ വിമാനത്താവളത്തിന്റെ ഒന്നാം നിലയിലെ ഇമിഗ്രേഷന്‍ കൗണ്ടറിനടുത്തു വച്ച് സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ചെക്ക് ഇന്‍ ബാഗേജും ഇയാളെയും വിശദമായി പരിശോധിക്കുന്നതിനു വേണ്ടി ഇയാളുടെ പാസ്‌പോര്‍ട്ട് വാങ്ങിവക്കുകയും കസ്റ്റംസ് കൗണ്ടറില്‍ ചെന്ന് പാസ്‌പോര്‍ട്ട് വാങ്ങാന്‍ നിര്‍ദശിക്കുകയും ചെയ്തു. എന്നാല്‍, ചെക്ക് ഇന്‍ ബാഗേജുമായി ഇയാള്‍ കസ്റ്റംസ് കൗണ്ടറില്‍ ചെല്ലാതെ നേരെ പുറത്തിറങ്ങുകയായിരുന്നുവെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇയാളുടെ ഇടപാടുകളെ പറ്റി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പ്രത്യേകസംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ കസ്റ്റംസ് കേസെടുത്തു. അനുമതിയില്ലാതെ ചെക്ക് ഇന്‍ ബാഗേജ് വിമാനത്താവളത്തിനു പുറത്തു കൊണ്ടുപോയതിന് ഇയാള്‍ക്കു നോട്ടിസ് നല്‍കും. കൂടാതെ വിമാനത്താവളത്തിനു പുറത്തിറങ്ങിയശേഷം ഇയാള്‍ നടത്തിയ യാത്രകള്‍ സംശയാസ്പദമാണെന്നതു കൊണ്ടു തന്നെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കുന്നതായും ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Post Your Comments