ന്യൂഡല്‍ഹി : സംസ്ഥാനങ്ങള്‍ക്ക് പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ സംബന്ധിച്ച് കേന്ദ്രനിര്‍ദേശം നിലവില്‍ വന്നു. ലോക്ക് ഡൗണ്‍ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ 75 ജില്ലകളില്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് നിര്‍ദേശം. ഇത് നടപ്പാക്കിയിട്ടും അനുസരിക്കാത്തവരുണ്ടെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ വഴി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഇന്നലെ ലോക്ക് ഡൌണ്‍ നിര്‍ദേശിച്ചിട്ടും, പല സംസ്ഥാനങ്ങളും ഇനിയും പൂര്‍ണമായും ഇത് പ്രഖ്യാപിക്കാന്‍ തയ്യാറായിട്ടില്ല എന്നത് കണക്കിലെടുത്താണ് കേന്ദ്രം കര്‍ശന നിര്‍ദേശം പുറത്തിറക്കുന്നത്. പലരും ലോക്ക് ഡൌണ്‍ നിര്‍ദേശം കാര്യമായി പാലിക്കുന്നില്ല, ഇത് പാടില്ല എന്ന് ഇന്ന് രാവിലെയും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നതാണ്.
”പലരും ഇപ്പോഴും ലോക്ക് ഡൌണ്‍ കാര്യമായി എടുക്കുന്നില്ല. സ്വയം സംരക്ഷിക്കൂ നിങ്ങള്‍, നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കൂ, കൃത്യമായി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കൂ. എല്ലാ സംസ്ഥാനസര്‍ക്കാരുകളോടും അടിയന്തരമായി ഈ നിയമങ്ങള്‍ പാലിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്”, മോദി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
ഇന്നലെ പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ അക്ഷരാര്‍ത്ഥത്തില്‍ ലോക്ക് ഡൌണായി മാറിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കര്‍ഫ്യൂ അവസാനിക്കുന്നതിന് മുമ്പ് തന്നെ രാജ്യത്തെ 75 ജില്ലകളില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്.
ഈ നിര്‍ദേശത്തില്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് അന്തിമതീരുമാനമെടുക്കാനായി വിട്ടിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തന്നെ ഉത്തര്‍പ്രദേശില്‍ 15 ജില്ലകളിലും, കര്‍ണാടകത്തില്‍ 9 ജില്ലകളിലും, തമിഴ്‌നാട്ടില്‍ അഞ്ച് ജില്ലകളിലും, ഉത്തരാഖണ്ഡ്, പഞ്ചാബ്, തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളും രാജസ്ഥാന്‍ ശനിയാഴ്ച രാത്രിയോടെ തന്നെയും സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരുന്നതാണ്.
നിലവില്‍ കേരളത്തില്‍ കാസര്‍കോട്ട് മാത്രമാണ് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ നിലവിലുള്ളത്. അതിര്‍ത്തിയടക്കം അടച്ചിട്ടിട്ടുണ്ട്. സംസ്ഥാന, ദേശീയ പാതകളിലൂടെ ഗതാഗതം കര്‍ശനനിയന്ത്രണത്തിലാണ്. മറ്റ് ജില്ലകളില്‍ കര്‍ശനനിയന്ത്രണം ആവശ്യമാണെന്നും, എന്നാല്‍ ഏതെല്ലാം അവശ്യസര്‍വീസുകളെ ഉള്‍പ്പെടുത്തിയും ഒഴിവാക്കിയും ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ സംസ്ഥാനമന്ത്രിസഭായോഗം ചേരും
Post Your Comments