ലാഹോര്‍: പാകിസ്ഥാനില്‍ 733 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. പാകിസ്ഥാനിലെ സ്ഥിതി അതിരൂക്ഷമായി തുടരുന്നു. കർശന നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനോട് ജനങ്ങള്‍ ആവശ്യപ്പെട്ടു. ട്വിറ്ററില്‍ ആണ് ഇത് സംബന്ധിച്ച പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്.
കൊവിഡ് 19 വൈറസ് ബാധയെ നേരിടുന്ന കാര്യത്തില്‍ പാക് സര്‍ക്കാര്‍ വലിയ വീഴ്ച വരുത്തിയെന്ന ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നില്ലെങ്കിലും വലിയ വിപത്തിലേക്ക് രാജ്യം നീങ്ങുമെന്നും ട്വിറ്ററില്‍ പ്രതികരണങ്ങള്‍ വരുന്നുണ്ട്.
കൊവിഡ് ബാധിച്ച് മൂന്ന് പേരാണ് ഇതിനകം പാകിസ്ഥാനില്‍ മരണപ്പെട്ടത്. അഞ്ച് പേര്‍ക്ക് അസുഖം ഭേദമായി. ശനിയാഴ്ച എല്ലാ രാജ്യാന്തര വിമാനസര്‍വ്വീസുകളും പാകിസ്ഥാന് റദ്ദ് ചെയ്തിരുന്നു. ഇറ്റലിയിലെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് പാക് സര്‍ക്കാര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യമുയര്‍ന്നിരിക്കുന്നത്.
പാക്കിസ്ഥാനിൽ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ട്വിറ്ററില്‍ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ഇതിനകം 11,000 പേരാണ് ഈ ക്യാമ്പയിനില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. അതില്‍ 70 ശതമാനവും ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍, ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനോട് അനുകൂല നിലപാടല്ല ഇമ്രാന് ഖാന് സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, ലോകമാകെ കൊവിഡ് 19 ബാധിച്ചുള്ള മരണം 13,000 കടന്നു. മൂന്ന് ലക്ഷത്തോളം പേരെയാണ് ഇതുവരെ രോഗം ബാധിച്ചത്. അയ്യായിരത്തിലേറെ പേരാണ് യൂറോപ്പില്‍ മാത്രം മരിച്ചത്. രോഗവ്യാപനം നിയന്ത്രിക്കാനാകാതെ പാടുപെടുകയാണ് ഇറ്റലി. 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 793 പേരാണ്.
Post Your Comments