Latest NewsIndia

കൂറുമാറ്റം: മണിപ്പുര്‍ വനംമന്ത്രിയെ സുപ്രീംകോടതി നീക്കി

ന്യൂഡല്‍ഹി: മണിപ്പുരിലെ വനംമന്ത്രി ടി.എച്ച്‌. ശ്യാംകുമാറിനെ സുപ്രീംകോടതി നീക്കി. ബി.ജെ.പി. അംഗമായ ശ്യാംകുമാര്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിയമസഭയില്‍ പ്രവേശിക്കരുതെന്നും കോടതി വ്യക്തമാക്കി.ശ്യാംകുമാറിനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ ഇതുവരെ സ്പീക്കര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നടപടി. ശ്യാംകുമാറിനെ ഉടന്‍ മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്നതായും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സഭയില്‍ പ്രവേശിക്കരുതെന്നും ബെഞ്ച് പറഞ്ഞു.

കേസ് മാര്‍ച്ച്‌ 30-ന് വീണ്ടും പരിഗണിക്കും. മണിപ്പുരിലെ 13 എം.എല്‍.എ.മാരുടെ അയോഗ്യത സംബന്ധിച്ച പരാതിയില്‍ 2017 ഏപ്രില്‍ മുതല്‍ സ്പീക്കര്‍ തീരുമാനമെടുക്കാതിരിക്കുന്നതിനെ സുപ്രീംകോടതി കഴിഞ്ഞ ജനുവരിയില്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. നാലാഴ്ചയ്ക്കകം സ്പീക്കര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.

തീരുമാനമെടുക്കാന്‍ മാര്‍ച്ച്‌ 28 വരെ സമയം നല്‍കണമെന്ന് സ്പീക്കര്‍ ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, തങ്ങളുടെ സവിശേഷാധികാരം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായെന്ന് ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എസ്. രവീന്ദ്രഭട്ട് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ഭരണഘടനയുടെ 142-ാം വകുപ്പുപ്രകാരമുള്ള സവിശേഷാധികാരമുപയോഗിച്ചാണ് സുപ്രീംകോടതിയുടെ നടപടി. 2017-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച്‌ ജയിച്ച ശ്യാംകുമാര്‍ പിന്നീട് ബി.ജെ.പി. സര്‍ക്കാരില്‍ ചേര്‍ന്നു.എം.എല്‍.എ.മാരെ അയോഗ്യരാക്കാനുള്ള സ്പീക്കറുടെ അധികാരം സംബന്ധിച്ച്‌ പാര്‍ലമെന്റ് പുനര്‍വിചിന്തനം നടത്തണമെന്ന് സുപ്രീംകോടതി ജനുവരിയില്‍ പറഞ്ഞിരുന്നു. അയോഗ്യത സംബന്ധിച്ച പരാതികളില്‍ സ്പീക്കര്‍ കഴിയുമെങ്കില്‍ മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്നും അന്നത്തെ വിധിയില്‍ നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button