ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന് അന്ത്യ ശാസനവുമായി ഗവര്‍ണര്‍. ചൊവ്വാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠര്‍ നിര്‍ദ്ദേശിച്ചു. വിശ്വാസ വോട്ടെടുപ്പ് നടത്താത്ത പക്ഷം സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് കരുതും. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ പറയുന്നു. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു നേരത്തെ ഗവര്‍ണര്‍ കമല്‍നാഥ് സര്‍ക്കാരിന് നല്‍കിയിരുന്ന നിര്‍ദ്ദേശം.
എന്നാല്‍ ഇത് അവഗണിച്ച് നിയമസഭാ സമ്മേളനം സര്‍ക്കാര്‍ മാര്‍ച്ച് 26 വരെ നീട്ടിവെച്ചു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.കോവിഡ് 19 രോഗ ബാധയുടെ പശ്ചാത്തലത്തിലാണ് നിയമ സഭാ സമ്മേളനം മാര്‍ച്ച് 26 വരെ നിര്‍ത്തിവെച്ചതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ കോണ്‍ഗ്രസിന് കൂടുതല്‍ സമയം ലഭിക്കുന്നതിന് വേണ്ടിയാണ് നിയമസഭാ സമ്മേളനം നീട്ടിയതെന്നാണ് വിലയിരുത്തുന്നത്.
നിലവില്‍ സഭയില്‍ വിശ്വാസം തെളിയിക്കാന്‍ കമല്‍നാഥ് സര്‍ക്കാരിന് പിന്തുണയില്ലെന്നാണ് സൂചന.ഗവര്‍ണര്‍ ലാല്‍ജി ഠണ്ഡന്റെ നയപ്രഖ്യാപനപ്രസംഗത്തിനു പിന്നാലെ സഭ 10 ദിവസത്തേക്കു പിരിയുകയായിരുന്നു. സ്‌പീക്കറുടെ നടപടിക്കെതിരേ പ്രതിപക്ഷമായ ബി.ജെ.പി. സമര്‍പ്പിച്ച അടിയന്തരഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. 12 മണിക്കൂറിനകം സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്നാണു സഭയില്‍ ഭൂരിപക്ഷമുറപ്പാക്കിയ ബി.ജെ.പിയുടെ ആവശ്യം.
സര്‍ക്കാരിന്റെ നിലനില്‍പ്പ് ചോദ്യചിഹ്നഹ്‌നമായ മധ്യപ്രദേശ് നിയമസഭയില്‍ നാടകീയരംഗങ്ങളാണ് ഇന്നലെ അരങ്ങേറിയത്. “നിയമസഭയെ മാനിക്കുക” എന്ന മുദ്രാവാക്യമുയര്‍ത്തി ഭരണപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ നയപ്രഖ്യാപനപ്രസംഗത്തിന്റെ അവസാനഭാഗം മാത്രം വായിച്ച് ഗവര്‍ണര്‍ സഭ വിട്ടു. ഭരണഘടനയെ മാനിക്കണമെന്നായിരുന്നു കോണ്‍ഗ്രസിനു ഗവര്‍ണറുടെ മറുപടി.
ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന് പിന്നാലെ മധ്യപ്രദേശില്‍ 22 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്.
Post Your Comments