ന്യൂഡല്‍ഹി: കോവിഡ് തടയുന്നതിന്റെ ഭാഗമായി രാജ്യ തലസ്‌ഥാനത്തു നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. അമ്പതില്‍ കൂടുതല്‍ ആള്‍ക്കാര്‍ ഒത്തുകൂടുന്നതിനാണ് നിരോധനം. നിശാക്ല ബ്ബുകള്‍, സ്‌പാ, ജിം എന്നിവ മാര്‍ച്ച് 31 വരെ അടച്ചിടണമെന്നും വിവാഹവും മറ്റ് ആഘോഷങ്ങളും മാറ്റിവയ്‌ക്കാനും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശം നല്‍കി.ഷഹീന്‍ബാഗ് സമരത്തിനും നിരോധനം ബാധകമാകും. എല്ലാ ഓട്ടോറിക്ഷകളും ടാക്‌സികളും സൗജന്യമായി അണുവിമുക്‌തമാക്കും.
മെട്രോ സേ്‌റ്റഷനുകളില്‍ യാത്രക്കാരെ തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയരാക്കാനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കും. ആളുകള്‍ക്ക് പണം അടച്ച് ക്വാറന്റീനില്‍ കഴിയാനുള്ള മൂന്ന് ഹോട്ടലുകളും ഏര്‍പ്പെടുത്തിയെന്നും കെജ്‌രിവാള്‍ അറിയിച്ചു. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരേ ഐ.പി.സി. 188 പ്രകാരം കേസടുക്കുമെന്നും പോലീസ് അറിയിച്ചു. സ്‌കൂളുകളും കോളജുകളും സിനിമാശാലകളും കഴിഞ്ഞ ആഴ്‌ച തന്നെ അടച്ചിരുന്നു. ഡല്‍ഹിയില്‍ നിലവില്‍ ഏഴ് കോവിഡ് ബാധിതരാണ് ചികില്‍സയിലുള്ളത്. രോഗബാധിതനായ ഒരാള്‍ മരിച്ചിരുന്നു.
രണ്ടു പേര്‍ക്ക് രോഗം ഭേദമായി. നേരത്തെ മുംബൈയിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ജനസാന്ദ്രത ഏറെയുള്ള മുംബൈയിൽ കൊറോണ ബാധിച്ചാൽ നിയന്ത്രണാതീതമാകുമെന്ന ആശങ്ക ഉള്ളത് കൊണ്ട് തന്നെയാണ് നിരോധനാജ്ഞ.ഈമാസം 31 വരെ വിനോദസഞ്ചാരികളെ കൂട്ടമായി യാത്രകള്‍ക്കു കൊണ്ടുപോകരുതെന്നു ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. കര്‍ണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 22 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചു.
കൊറോണ, ഈ രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് ഇന്ത്യയില്‍ പ്രവേശന വിലക്ക്
ബംഗളൂരു ബെന്നാര്‍ഘട്ടെ ബയോളജിക്കല്‍ പാര്‍ക്ക്, മാണ്ഡ്യ ജില്ലയിലെ വൃന്ദാവന്‍ ഗാര്‍ഡന്‍, രംഗനത്തിട്ടുപക്ഷി സങ്കേതം, ബെല്ലാരി ജില്ലയിലെ ഹംപി ചരിത്രസ്‌മാരകങ്ങള്‍, മൈസൂരു മൃഗശാല തുടങ്ങിയ സ്‌ഥലങ്ങളിലേക്കു പ്രവേശനം നിഷേധിച്ചു. 7,8,9 ക്ലാസുകളിലെ പരീക്ഷകള്‍ അടുത്ത മാസം നടത്താനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. പാകിസ്‌താനിലെ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയിലേക്കുള്ള യാത്ര കേന്ദ്ര ആഭ്യന്തര മന്ത്രാലയം താല്‍കാലികമായി തടഞ്ഞു. യാത്രയ്‌ക്കുള്ള രജിസ്‌ട്രേഷനും നിര്‍ത്തിവച്ചു.
Post Your Comments