ന്യൂഡല്‍ഹി : രാജ്യം ഏറെ ഉറ്റുനോക്കുന്ന ശബരിമല, പൗരത്വ നിയമഭേദഗതി , കശ്മീര്‍ കേസുകളില്‍ സുപ്രീകോടതി താത്ക്കാലിക തീരുമാനം എടുത്തു. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതിയുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതിനെ തുടര്‍ന്നാണ് രാജ്യശ്രദ്ധയാകര്‍ഷിച്ച മൂന്ന കേസുകള്‍ പരിഗണിയ്ക്കുന്നത് വൈകുമെന്ന് സുപ്രീംകോടതി അറിയിച്ചത്.
ഹോളി അവധിക്കുശേഷം സുപ്രീംകോടതി തുറക്കുന്ന തിങ്കളാഴ്ചമുതല്‍ ശബരിമല വിഷയത്തില്‍ ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കാനാണ് തീരുമാനിച്ചിരുന്നത്. അതിനുശേഷമാണ് സി.എ.എ., കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ തുടങ്ങിയ വിഷയം പരിഗണിക്കേണ്ടത്. എന്നാല്‍, തിങ്കളാഴ്ചമുതല്‍ ഇനിയൊരറിയിപ്പുണ്ടാകുംവരെ അടിയന്തരപ്രാധാന്യമുള്ള കേസുകള്‍ മാത്രമാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളെല്ലാം ഏറെനീളും.
മുഖ്യവിധി വന്നത് 2018-ലാണെങ്കിലും 2006 മുതല്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതാണ് ശബരിമല സ്ത്രീപ്രവേശ വിഷയം. കഴിഞ്ഞ നവംബറിലാണ് ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീപ്രവേശം അനുവദിച്ചതിനെതിരായ പുനഃപരിശോധനാ ഹര്‍ജികളില്‍ അഞ്ചംഗ ബെഞ്ച് ഉത്തരവിറക്കിയത്. ഇതുപ്രകാരം സുപ്രീംകോടതി രൂപവത്കരിച്ച ഒമ്ബതംഗ ബെഞ്ചിന് ഒരുദിവസം മാത്രമേ വാദംകേള്‍ക്കാന്‍ സാധിച്ചുള്ളൂ. ബെഞ്ചിലെ ചില ജഡ്ജിമാര്‍ക്ക് പനി ബാധിച്ചതായിരുന്നു കാരണം. പിന്നീട് ഹോളി അവധിക്കുശേഷം മാര്‍ച്ച് 16 മുതല്‍ കേള്‍ക്കാന്‍ നിശ്ചയിച്ചെങ്കിലും കൊറോണകാരണം അതും നീണ്ടു.
ശബരിമലയ്ക്കൊപ്പം ഏറെ രാഷ്ട്രീയ, സാമൂഹിക പ്രാധാന്യമുള്ള മറ്റു വിഷയങ്ങളും ഒമ്ബതംഗ ബെഞ്ചിന് മുന്നിലുണ്ട്. മുസ്ലിംസ്ത്രീകളുടെ പള്ളിപ്രവേശം, അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്സിസ്ത്രീകളുടെ ക്ഷേത്രപ്രവേശം, ഷിയാ മുസ്ലിങ്ങള്‍ക്കിടയിലെ ദാവൂദിബോറ സമുദായത്തിലെ പെണ്‍കുട്ടികളിലെ ചേലാകര്‍മം എന്നീ കേസുകളിലെ പൊതുവായ നിയമപ്രശ്നമാണ് ഇതോടൊപ്പം തീര്‍പ്പാക്കേണ്ടത്. അതിനുശേഷമേ മേല്‍പ്പറഞ്ഞ കേസുകള്‍ അതത് ബെഞ്ചുകള്‍ക്ക് തീര്‍പ്പാക്കാനാകൂ.
ശബരിമല കേസില്‍ പന്ത്രണ്ടുദിവസത്തോളം വാദം നടക്കും. അതിനുശേഷമാകും പൗരത്വനിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുക. ഈ വിഷയത്തില്‍ 140-ലേറെ ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്. ശബരിമല കേസിനിടയ്ക്ക് അല്പനേരമെങ്കിലും ഇടക്കാല ഉത്തരവിനായി ഇവ കേള്‍ക്കണമെന്ന് ഈയിടെ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സി.എ.എ. ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി മറുപടി ആവശ്യപ്പെട്ടിരിക്കുകയാണ്.
ജമ്മുകശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന 370-ാം വകുപ്പിലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ ഇതുവരെ വാദം തുടങ്ങാന്‍ സാധിച്ചിട്ടില്ല. ഈ കേസ് വിശാലബെഞ്ചിന് വിടണമോ എന്ന വിഷയത്തില്‍ മാത്രമാണ് വാദംകേട്ട് വിധിപറഞ്ഞത്. ഇപ്പോഴത്തെ അഞ്ചംഗ ബെഞ്ചുതന്നെ കേസ് കേട്ടാല്‍ മതിയെന്നാണ് സുപ്രീംകോടതിയുടെ വിധി. ശബരിമലയും സി.എ.എ.യും കഴിഞ്ഞശേഷമാകും കശ്മീര്‍ കേസ് പരിഗണിക്കുക.
Post Your Comments