കൊച്ചി: മുംബൈയില്‍ എത്തിയ എറണാകുളം ഡി.സി.സി. ജനറല്‍ സെക്രട്ടറി കൂടിയായ രാജു പി.നായരുടെ കൈയ്യിൽ സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ ഗോമൂത്രം സ്പ്രേ ചെയ്‌തെന്ന് വ്യക്തമാക്കി ഹൈബി ഈഡന്‍ എംപി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകം കോവിഡ് 19 എന്ന മഹാമാരിയുടെ ദുരിതത്തിലൂടെ കടന്നു പോവുമ്പോള്‍ ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത അന്ധവിശ്വാസം ജനങ്ങളിലേക്ക് പകര്‍ന്ന് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പോരാട്ടത്തെ പിന്നോട്ടടിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പാർട്ടിയുടെ അനുയായികൾ ചെയ്യുന്നതെന്നും ഈ വിഷയം ഉന്നയിച്ച് അടിയന്തിര പ്രമേയത്തിന് ഇന്ന് നോട്ടീസ് നല്‍കിയെന്നും ഹൈബി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ലോകം കോവിഡ് 19 എന്ന മഹാമാരിയുടെ ദുരിതത്തിലൂടെ കടന്നു പോവുമ്പോൾ ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത അന്ധവിശ്വാസം ജനങ്ങളിലേക്ക് പകർന്ന് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ പോരാട്ടത്തെ പിന്നോട്ടടിക്കുകയാണ് കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ അനുയായികൾ ചെയ്യുന്നത്. വൈറസ് പടരാതിരിക്കാൻ സോപ്പ് ഉപയോഗിച്ച് കൈകൾ നിരന്തരമായി വൃത്തിയാക്കുവാനും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചീകരിക്കുന്നും അധികൃതർ ആവശ്യപ്പെടുമ്പോൾ, ഇതിന് ബദലായി ഗോമൂത്രം ഉപയോഗിച്ചാൽ വൈറസ് ഇല്ലാതെയാവുമെന്നാണ് ഇവർ ജനങ്ങളെ തെറ്റിദ്ധരിപിക്കുന്നത്. ഇത് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പ്രോട്ടോകോളിൻ്റെ ലംഘനവുമാണ്. എറണാകുളം ഡി.സി.സി. ജനറൽ സെക്രട്ടറി കൂടിയായ രാജു പി.നായർക്ക് ഇന്നലെ മുംബൈയിൽ ഇസ്കോണിൻ്റെ അധീനതയിലുള്ള ഒരു റസ്റ്ററ്ററസ്റ്റിൽ പോയപ്പോൾ സുരക്ഷാ പരിശോധനയിൽ സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ കൈയിൽ ഗോമൂത്രം സ്പ്രേ ചെയ്ത സംഭവം ഇതിൻ്റെ ഉദാഹരണമാണ്.
ഈ രോഗം പടരാതിരിക്കാനുള്ള മുൻ കരുതലെടുക്കുവാനുള്ള ജാഗ്രത കാണിക്കേണ്ടപ്പോഴും തങ്ങളുടെ അന്ധവിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയാണ് ഇവർ. ഇത് ഗുരുതരമായ പ്രത്യാഘാതം രാജ്യത്ത് ഉണ്ടാക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നടപടികൾക്കും നിരുത്തരവാദപരമായി ഇതിനെ ന്യായീകരിച്ച് പ്രസ്താവന നടത്തുന്ന മന്ത്രിമാരുൾപ്പടെയുള്ള ഭരണകക്ഷി നേതാക്കൻമാരോടും ഈ സർക്കാരിൻ്റെ സമീപനം എന്താണെന്ന് വ്യക്തമാക്കണം. ഇവർ ഈ രാജ്യത്തെ കൊണ്ടു പോവുന്നത് ഇരുണ്ട യുഗത്തിലേക്കാണ്. ഈ വിഷയം ഉന്നയിച്ച് അടിയന്തിര പ്രമേയത്തിന് ഇന്ന് നോട്ടീസ് നൽകി.
Post Your Comments