Latest NewsKeralaNews

ജനങ്ങളെ വലച്ച് കൊറോണ; സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സബ്‌സിഡി സാധനങ്ങള്‍ പോലും കിട്ടാനില്ല

തൃശൂര്‍: കൊറോണ ഭീതി കാരണം പുറത്തിറങ്ങാന്‍ പോലും ഭയക്കുന്ന ജനങ്ങള്‍ക്ക് തിരിച്ചടിയായി സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സബ്‌സിഡി സാധനങ്ങള്‍ പോലും കിട്ടാനില്ല. ജോലിയും പൈസയും ഇല്ലാതെ ജനം നട്ടം തിരിയുമ്പോഴാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സാധനം കിട്ടാനില്ലാത്തത്.

മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങിയ 13 സബ്‌സിഡി സാധനങ്ങള്‍ കിട്ടാന്‍ പോലും ഇല്ല. നേരത്തെ ഇറക്കി വച്ചിരുന്ന സാധനങ്ങള്‍ തീര്‍ന്നതും സാമ്പത്തിക പ്രതിസന്ധിമൂലം സാധനം ഇറക്കാന്‍ കഴിയാത്തതുമാണ് ക്ഷാമത്തിന് കാരണം. പഞ്ചസാര മാത്രമാണ് മാവേലി സ്‌റ്റോറുകളിലും മറ്റ് ഔട്ട്‌ലെറ്റുകളിലുമുള്ളത്. മാര്‍ച്ച് ആദ്യം എത്തിയ അരി ഇനങ്ങള്‍ ദിവസങ്ങള്‍ക്കകം തീര്‍ന്നു. പിന്നെ ആകെയുള്ളത് പയര്‍, പരിപ്പ് തുടങ്ങിയ ധാന്യങ്ങളാണ്. കുത്തക കമ്പനികളുടെ സാധനങ്ങളാണ് ഔട്ട്‌ലെറ്റുകളില്‍ കൂടുതല്‍ ഉള്ളത്. വിതരണക്കാര്‍ക്ക് പണം നല്‍കാത്തതാണ് സാധനങ്ങള്‍ ഇല്ലാത്തതിന് കാരണം.

നല്‍കാനുള്ള തുകയില്‍ ഒരു വിഹിതം കിട്ടിയാലേ സാധനങ്ങള്‍ എത്തിക്കൂ എന്ന നിലപാടിലാണ് വിതരണക്കാര്‍. സാമ്പത്തിക പ്രതിസന്ധിമൂലം സര്‍ക്കാറിന് പണം നല്‍കാനുമാവുന്നില്ല. ഭക്ഷ്യ ഭദ്രത നിയമത്തിന്റെ ഭാഗമായി കേന്ദ്ര വിഹിത കുടിശ്ശിക ലഭിച്ചാല്‍ ഈ പ്രതിസന്ധിയില്‍ നിന്ന് ഒരു പരിധി വരെ മോചനമാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.

അതേസമയം രാജ്യത്ത് ഇതുവരെ 110 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കേരളത്തില്‍ 22 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വ്യാപകമായി പടര്‍ന്ന് ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button