ഐ എസ് എല്ലില്‍ മൂന്നാം കിരീടത്തില്‍ മുത്തമിട്ട് കൊല്‍ക്കത്ത. ഇന്ന് നടന്ന ഐ എസ് എല്‍ ഫൈനലില്‍ ചെന്നൈയിനെ തകര്‍ത്തു കൊണ്ട് ലീഗില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമായി മാറി എ ടി കെ കൊല്‍ക്കത്ത. ഗോവയില്‍ നടന്ന ഫൈനല്‍ ചെന്നൈയിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് എ ടി കെ വിജയിച്ചത്. മാര്‍ഗാവോയിലെ ആളൊഴിഞ്ഞ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ ആവേശം വാനോളമുയര്‍ത്തി കൊണ്ടാണ് എടികെയുടെ വിജയം. കോവിഡ് ഭീഷണിയെത്തുടര്‍ന്ന് അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു കലാശപ്പോരാട്ടം. എന്നാല്‍ കോവിഡിനു തോല്‍പ്പിക്കാന്‍ പോലും പറ്റാത്ത ആവേശത്തിലായിരുന്നു മത്സരത്തിന്റെ ഓരോ നിമിഷവും. എടികെയിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കി കിരീടം ചൂടിയ പരിശീലകന്‍ അന്റോണിയോ ലോപസ് ഹൊബാസിന്റെ രണ്ടാം ഐഎസ്എല്‍ കിരീടം കൂടിയാണിത്.
അതോടൊപ്പം ഐ എസ് എല്‍ സീസണ്‍ അവസാനിച്ചതോടെ സീസണിലെ പ്രധാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചെന്നൈയിന്റെ ആശ്വാസ ഗോള്‍ നേടിയ നെറിജസ് വാല്‍സ്‌കിസ് 15 ഗോളുകളുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ബര്‍ത്തലോമിയോ ഓഗ്‌ബെച്ചെ, എടികെ താരം റോയ് കൃഷ്ണ എന്നിവരെ പിന്തള്ളി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. ഇരുവര്‍ക്കും 15 ഗോള്‍ വീതമുണ്ടെങ്കിലും ആറ് അസിസ്റ്റുകള്‍ കൂടി നടത്തിയതിന്റെ ബലത്തിലാണ് വാല്‍സ്‌കിസ് ഗോള്‍ഡന്‍ ബൂട്ട് നേടിയത്. തുടര്‍ച്ചയായ രണ്ടാം സീസണിലും ബെംഗളൂരു എഫ്‌സി ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു മികച്ച ഗോള്‍കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗവും സ്വന്തമാക്കി.
ഗോവയ്ക്ക് വേണ്ടി ഈ സീസണില്‍ പതിനൊന്ന് ഗോളുകളും 10 അസിസ്റ്റും ചെയ്ത ഹ്യൂഗോ ബൗമസ് സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. എമേര്‍ജിംഗ് പ്ലയര്‍ ഓഫ് ദി ഇയറായി എ ടി കെയുടെ യുവ ഡിഫന്‍ഡര്‍ സുമിത് റതി തിരഞ്ഞെടുക്കപ്പെട്ടു.
Post Your Comments