ന്യൂഡൽഹി: ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ കൊലപാതകത്തില്‍ പങ്കുള്ള അഞ്ചുപേരെ കൂടി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ചാന്ദ്ബാഗ് സ്വദേശികളായ ഫിറോസ്, ജാവേദ്, ഷുഹൈബ്,ഗുല്‍ഫാം എന്നിവരെയും, മുസ്തഫാബാദ് സ്വദേശിയായ അനസിനെയുമാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. അങ്കിത് ശര്‍മ്മയുടെ കാലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസവും ഒരാളെ പൊലീസ് പിടികൂടിയിരുന്നു. അങ്കിത് ശര്‍മയുടെ കൊലപാതകത്തില്‍ ഇതോടെ പോലീസ് അറസ്റ്റ് ചെയ്യുന്ന പ്രതികളുടെ എണ്ണം ആറായി. സല്‍മാന്‍ എന്നയാളെയാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ കലാപങ്ങളില്‍ അങ്കിത് ശര്‍മ, പോലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ എന്നിവരടക്കം 53 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊലപാതകത്തിനുശേഷം അങ്കിത് ശര്‍മ്മയെ തിരിച്ചറിയാതിരിക്കാന്‍ അദ്ദേഹത്തിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ആംആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനേയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ അങ്കിതിന്റെ മൃതദേഹം അഴുക്കുചാലില്‍ നിന്നാണ് പോലീസ് കണ്ടെടുത്തത്.
സല്‍മാനെ ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. അങ്കിത് ശര്‍മയെ കറുത്ത തുണിയില്‍ കെട്ടി മുന്‍ ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷമാണ് കൊലപ്പെടുത്തിയതെന്നും പിന്നീട് മൃതദേഹം ഓവുചാലിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും സല്‍മാന്‍ പൊലീസിനോട് പറഞ്ഞിരുന്നു.
Post Your Comments