Latest NewsNewsBusiness

അടുത്ത മാസം മുതല്‍ സാധാരണക്കാരെ ബാധിയ്ക്കുന്ന സാമ്പത്തിക മാറ്റങ്ങള്‍ ഇവ

ന്യൂഡല്‍ഹി : അടുത്ത മാസം മുതല്‍ സാധാരണക്കാരെ ബാധിയ്ക്കുന്ന സാമ്പത്തിക മാറ്റങ്ങള്‍ ഇവ. 10 ബാങ്കുകള്‍ ലയിച്ച് നാലെണ്ണം ആകുന്നതിന് പുറമേയാണ് ഈ മാറ്റങ്ങള്‍ വരുന്നത്. നമ്മുടേതല്ലാത്ത കാരണങ്ങളാല്‍ ഡിസ്പോസിബിള്‍ ഇന്‍കം കുറഞ്ഞ കാലമായതിനാല്‍ ഇക്കാര്യത്തില്‍ അധിക ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ഏപ്രില്‍ ഒന്നിന് ശേഷം സാധാരണക്കാരെ ബാധിക്കുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങള്‍ ഇവയാണ്.

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ നികുതി ഘടന ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. അതേസമയം നിലവിലുണ്ടായിരുന്ന രീതി തുടരുകയും ചെയ്യും.
അഞ്ച് ലക്ഷം വരെയുളള വരുമാനത്തിന് നികുതിയില്ല. 5 മുതല്‍ 7.5 ലക്ഷം വരെ 10 ശതമാനമാണ് നികുതി. 7.5 മുതല്‍ 10 ലക്ഷം വരെ 15 ശതമാനവും 10 മുതല്‍ 12.5 ലക്ഷം വരെ 20 ശതമാനവും 12.5 മുതല്‍ 15 വരെ 25 ശതമാനവും 15 ലക്ഷത്തിന് മുകളിലാണ് വരുമാനമെങ്കില്‍ 30 ശതമാനവും- ഇങ്ങനെയാണ് പുതിയ നികുതി സ്ലാബ്. ഒഴിവുകളും കിഴിവുകളും വേണ്ട എന്നുള്ളവര്‍ക്ക് ഇത് തിരഞ്ഞെടുക്കാം.

ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയിലേക്ക് പരമാവധി ആളുകളെ ഉള്‍പ്പെടുത്തുവാനുതകുന്ന അടിസ്ഥാന പോളിസിയായ ആരോഗ്യ സഞ്ജീവനി ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. ഇന്‍ഷൂറന്‍സ് എടുക്കുന്നയാളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന പോളിസിയായിരിക്കും ആരോഗ്യ സഞ്ജീവനി. ചുരുങ്ങിയ ചെലവില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് ഈ പോളിസിയുടെ കവറേജ് എന്നതിനാല്‍ ഇടത്തട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കുമിത്.

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന ദിവസം മാര്‍ച്ച് 31 ആണ്. അതായത് ഏപ്രില്‍ ഒന്നിന് മുമ്പ് പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ വലിയ തുക പിഴയൊടുക്കേണ്ടി വന്നേക്കാം. ആദായ നികുതി വകുപ്പിന്റെ വിശദീകരണമനുസരിച്ച് മാര്‍ച്ച് 31 ന് മുമ്പ് ഇരു രേഖകളും പരസ്പരം ബന്ധിപ്പിക്കാത്തവര്‍ 10,000 രൂപ പിഴയൊടുക്കേണ്ടി വരും.

വിദേശയാത്രയ്ക്ക് ഇനി ചെലവേറും. ബജറ്റിലെ നിര്‍ദേശമനുസരിച്ച് ഏപ്രല്‍ ഒന്നു മുതല്‍ വിദേശയാത്രകള്‍ ടി സി എസി(ഉറവിട നികുതി)ന്റെ പരിധിയിലാകും. ഏപ്രില്‍ ഒന്നിന് ശേഷം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അന്തര്‍ദേശീയ യാത്രകള്‍ക്ക് അവരുടെ ഇടപാടുകാരില്‍ നിന്ന് അഞ്ച് ശതമാനം നികുതി ഉറവിടത്തില്‍ നിന്ന് ശേഖരിക്കണം. അതേസമയം പാന്‍ കാര്‍ഡില്ലാത്തവരാണെങ്കില്‍ ഇത് 10 ശതമാനമായിരിക്കും.

ഏപ്രില്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ വാഹനങ്ങള്‍ക്കും ബി എസ് ചട്ടം ബാധകമാണ്. ഇതനുസരിച്ച് രാജ്യത്തെ എല്ലാ വാഹന നിര്‍മ്മാതാക്കളും പുതിയ ചട്ടത്തിലേക്ക് മാറിയിട്ടുണ്ട്. നിലവില്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബി എസ് 4 സ്റ്റേജ് വാഹനങ്ങളേക്കാള്‍ മലിനീകരണതോത് കുറവാണ് പുതിയ എഞ്ചിനുകള്‍ക്ക്. മലിനീകരണത്തോത് കുറച്ച് അന്തര്‍ദേശീയ നിലവാരത്തിലാക്കുകയാണ് ബി എസ് 6 ന്റെ ലക്ഷ്യം.

വാഹനങ്ങള്‍ക്ക് ബി എസ് 6 എഞ്ചിനുകള്‍ നിര്‍ബന്ധമാക്കുന്നതോടെ ഇവയില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിനും ആ മാനദണ്ഡം ഉണ്ടാകേണ്ടതുണ്ട്. ഇപ്പോള്‍ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ മാത്രം ലഭ്യമാകുന്ന അതിശുദ്ധ ഇന്ധനം ഏപ്രില്‍ ഒന്നോടെ രാജ്യത്ത്് എല്ലായിടത്തും ലഭ്യമായി തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button