തിരുവനന്തപുരം : കോവിഡ് 19 ബാധയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ അതീവ ജാഗ്രത നിർദേശം. ജില്ലാ കളക്ടർ ആണ് ഇക്കാര്യം അറിയിച്ചത്. തലസ്ഥാനത്ത് മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും വർക്കലയിലെത്തിയ ഇറ്റാലയിൻ പൗരൻ പലസ്ഥലത്തും കറങ്ങിയതായുള്ള വിവരവും കിട്ടിയ സാഹചര്യത്തിലാണ് നടപടി. ഷോപ്പിംഗ് മാളുകൾ അടച്ചിടും, ബീച്ചുകളിൽ സന്ദർശകരെ വിലക്കും. ജിം, ബ്യൂട്ടിപാർലറുകൾ തുടങ്ങിയവ അടക്കാനും, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവ നിർത്തിവെക്കാനും കർശന നിർദേശമുണ്ട്. ജനങ്ങൾ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവു എന്നും മുന്നറിയിപ്പുണ്ട്. വിവാഹ ആഘോഷങ്ങൾക്കും നിയന്ത്രണം. രോഗ ലക്ഷണം ഉള്ളവർ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുതെന്നു കളക്ടർ അറിയിച്ചു.
കഴിഞ്ഞ മാസം 27നാണ് ഇറ്റാലിയൻ പൗരൻ ഡൽഹി വഴി തിരുവനന്തപുരത്തെത്തിയത്. ആഭ്യന്തര വിമാന സർവ്വീസ് ആയതിനാൽ കൂടെയുള്ളവരെ ഇതുവരെ കണ്ടെത്താൻ സാധിച്ചില്ല. ഈ മാസം പത്തിനാണ് ഇയാള്‍ക്ക് രോഗലക്ഷണം പ്രകടമായത്. ആശുപത്രിയിലേക്ക് ഓട്ടോയിലാണ് ഇയാൾ പോയത്. ഉത്സവത്തിനടക്കം ഇയാള്‍ പോയെന്നും വിവരമുണ്ട്. ഇയാളുടെ സമ്പർക്ക പട്ടിക കണ്ടെത്തുകയാണ് വലിയ വെല്ലുവിളി. യുകെയിൽ നിന്നെത്തിയ ആളുടേതടക്കം ജില്ലയിലെ മറ്റ് രണ്ടു കൊവിഡ് രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ച് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ 249 പേർ നിരീക്ഷണത്തിലുണ്ട്. 231 പേര്‍ വീടുകളിലും 18 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇനി 70 പേരുടെ പരിശോധനാ ഫലം വരാനുണ്ടെന്നും കളക്ടർ അറിയിച്ചു.
Post Your Comments