തിരുവനന്തപുരം : പത്തനംതിട്ടയിലെ കൊറോണ ബാധ കണ്ടെത്താൻ സഹായിച്ചതിലൂടെ സംസ്ഥാനത്ത് താരമായ ഡോക്ടർമാരാണ് റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശംഭുഡോ. എസ്. ആനന്ദ്. ഇറ്റലിയിൽനിന്നെത്തിയ കുടുംബത്തിന് കൊറോണ രോഗമുണ്ടെന്ന് സംശയിക്കുകയും അവരെ വിദഗ്ധചികിത്സയ്ക്ക് അയക്കുകയും ചെയ്തതിലൂടെ ഇവരും സഹപ്രവർത്തകരും സംസ്ഥാനത്തു താരങ്ങളായി മാറുകയായിരുന്നു. കൊറോണയിൽനിന്ന് കേരളത്തെ രക്ഷിച്ച നായകരെന്ന വിശേഷണമാണ് ഇവർക്ക് നാട്ടുകാർ നൽകുന്നത്. മന്ത്രി കെ.കെ. ശൈലജ, ഡോ. ശംഭുവിന്റെ സേവനം നിയമസഭയിൽ പറയുകകൂടി ചെയ്തപ്പോൾ അദ്ദേഹം സൂപ്പർതാരമായി മാറി. ഇപ്പോൾ കളക്ടർ പി.ബി. നൂഹ്, ഡി.എം.ഒ. ഡോ. എ.എൽ. ഷീജ എന്നിവർ നയിക്കുന്ന കൊറോണ വിരുദ്ധപോരാട്ടത്തിൽ വിശ്രമമില്ലാതെ അവർക്കൊപ്പം കേരളത്തിൽ കൊറോണ വ്യാപനം(കോവിഡ് -19)തടയാനുള്ള ശക്തമായ പ്രവർത്തനങ്ങളുമായി ഡോ. ശംഭു മുന്നോട്ടു പോകുകയാണ്, ഡോ. ആനന്ദ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നു. വിവരങ്ങൾ തിരക്കി മന്ത്രി ശൈലജയും വിളിച്ചിരുന്നു.
ഇറ്റലിയിൽനിന്നെത്തിയ കുടുംബത്തിന്റെ ബന്ധുക്കൾ മാർച്ച് ആറിന് രാവിലെയാണ് ഇവിടെ ചികിത്സയ്‌ക്കെത്തിയിരുന്നു. ആദ്യം ഡോ. ശംഭുവിനെയും തുടർന്ന് ഡോ. ആനന്ദിനെയും സന്ദർശിച്ചു. പനിയും അവശതയുമായി എത്തിയ ഇവരിൽനിന്ന് ഇറ്റലിയിൽനിന്നെത്തിയ ബന്ധുക്കൾ അടുത്ത വീട്ടിലുണ്ടെന്നറിഞ്ഞതോടെ കേരളത്തിൽ കൊറോണ വീണ്ടുമെത്തുകയാണോയെന്ന സംശയത്തിലേക്ക് ഇവരെത്തി. പഴവങ്ങാടിയിലെ മക്കപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറുമായി ശംഭു ബന്ധപെട്ട് ഐത്തലയിൽ ഇറ്റലിക്കാരെത്തിയിട്ടുണ്ടെന്നും ഉടനെ അവിടെ എത്തണമെന്നും നിർദേശിക്കുകയും ഡി.എം.ഒ.യെയും വിവരമറിയിക്കുകയും ചെയ്തു. കുടുംബത്തിലെ അഞ്ചുപേരെയും ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അന്ന് മുതൽ ആരംഭിച്ച കൊറോണ വ്യാപനത്തിന് തടയിടാനുള്ള ഓട്ടം, ഡോ. വി.ആർ. വൈശാഖടക്കം താലൂക്കാശുപത്രിയിലെ മുഴുവൻ ജീവനക്കാരും ഇപ്പോഴും തുടരുകയാണ്.
കൊറോണ സ്ഥിരീകരിച്ചപ്പോൾതന്നെ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ പേരാണ് എങ്ങും ഉയർന്നു കേട്ടത്. ആരോഗ്യവകുപ്പും ഡി.എം.ഒ.യുമാണ് എല്ലാംചെയ്യുന്നതെന്നുള്ള പ്രതികരണമാണ് അന്നും ഇന്നും അവരിൽ നിന്നും ലഭിക്കുക. നടൻ അജുവർഗീസടക്കം നൂറുകണക്കിനാളുകൾ സാമൂഹികമാധ്യമങ്ങളിലൂടെ അഭിനന്ദനവുമായി രംഗത്തെത്തിയപ്പോൾ നമ്മുടെ ഭീതി ഒഴിഞ്ഞിട്ടില്ല, അടിയന്തരമായി ചെയ്തുതീർക്കേണ്ട ഒരുപാടുകാര്യങ്ങളുണ്ട്. ആദ്യം നമുക്ക് ഇതിൽനിന്ന് രക്ഷപ്പെടാം. അതിനുശേഷം സംസാരിക്കാം എന്നായിരുന്നു ഡോ. ശംഭുവിന്റെ മറുപടി.
Post Your Comments