ഭോപ്പാല്‍: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ മധ്യപ്രദേശിലെ ഇക്കോണമിക് ഒഫന്‍സസ് വിംഗ് അന്വേഷണം പ്രഖ്യാപിച്ചു. ഒരു സ്ഥലം വിറ്റതില്‍ നടത്തിയ ക്രമക്കേട് ചൂണ്ടിക്കാട്ടി സുരേന്ദ്ര ശ്രീവാസ്തവ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിന്ധ്യക്കെതിരെ അന്വേഷണം ആരംഭിച്ചത്.
നേരത്തെ, ഇതേ പരാതി 2014 മാര്‍ച്ച് 26ന് ശ്രീവാസ്തവ നല്‍കിയിരുന്നു. എന്നാല്‍, അന്വേഷണത്തിന് ശേഷം 2018ല്‍ ഈ കേസ് അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍, തെളിവുകള്‍ വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീവാസ്തവ വീണ്ടും പരാതി നല്‍കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത ഒരു രേഖയില്‍ സിന്ധ്യയും കുടുംബവും കൃത്രിമം കാണിച്ചുവെന്നാണ് പരാതി. 2009ല്‍ ധാരണപ്രകാരമുള്ള കരാറില്‍ നിന്ന് 6000 ചതുരശ്ര്വ അടി കുറച്ചാണ് വിറ്റതെന്നും അതില്‍ വ്യാജ രേഖ ചമച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
അതേസമയം, ജ്യോതിരാദിത്യ സിന്ധ്യയോടുള്ള വൈരാഗ്യം കൊണ്ടാണ് വീണ്ടും അദ്ദേഹത്തിനെതിരെയുള്ള കേസില്‍ പുനരന്വേഷണം നടത്തുന്നതെന്ന് സിന്ധ്യയുടെ അടുപ്പമുള്ള പങ്കജ് ചതുര്‍വേദി പറഞ്ഞു. കമല്‍നാഥ് സര്‍ക്കാരിന് ഇതിനുള്ള മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് തൊട്ടുപിറ്റേന്നാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ദേശീയാദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കം മുതിര്‍ന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സിന്ധ്യയുടെ ബിജെപി പ്രവേശം.
Post Your Comments