Latest NewsNewsIndia

ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകളെ വിലക്കിയ നടപടി ചോദ്യം ചെയ്‌തുള്ള ഹർജിയിൽ കനത്ത തിരിച്ചടി

കേന്ദ്ര സർക്കാർ ചാനലുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ഹർജിയിൽ പറയുന്നുണ്ടെങ്കിലും ഏഷ്യാനെറ്റോ മീഡിയാ വണ്ണോ കോടതിയെ സമീപിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകളെ വിലക്കിയ നടപടി ചോദ്യം ചെയ്‌തുള്ള ഹർജിയിൽ കനത്ത തിരിച്ചടി. അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ സമർപ്പിച്ച ഹർജി ഹെെക്കോടതി തള്ളി. ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാ വൺ എന്നീ വാർത്താ ചാനലുകൾ കേന്ദ്ര സർക്കാർ നിരോധിച്ചതിന്റെ പശ്ചാത്തലത്തിൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് കോടതി തള്ളിയത്. കേബിൾ ടിവി ആക്ട് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരാണന്നാരോപിച്ച് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം പോലും കേൾക്കാതെയാണ് ഹർജി തള്ളിയത്.

കേബിൾ ടിവി ആക്‌ടിൽ തെറ്റില്ലെന്ന് കോടതി വാക്കാൽ പരാമർശിച്ചു. രാജ്യത്തിന്റെ സുരക്ഷയും ഐക്യവും പൊതു സമാധാനവും ധാർമികതയും അന്തസും സംരക്ഷിക്കുന്നതാണ് കേബിൾ ടിവി ആക്‌ട്. പൊതു സമാധാനവും ധാർമികതയും അന്തസും ആവശ്യമാണെന്നും മേലിൽ ഇത്തരം ഹർജികൾ വരാൻ പാടില്ലെന്നും വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.

കേന്ദ്ര സർക്കാർ ചാനലുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ഹർജിയിൽ പറയുന്നുണ്ടെങ്കിലും ഏഷ്യാനെറ്റോ മീഡിയാ വണ്ണോ കോടതിയെ സമീപിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കേബിൾ ടിവി ആക്‌ടിൽ വ്യക്തികളേയും സംഘടനകളേയും വിമർശിക്കരുതെന്ന് വ്യവസ്ഥയുണ്ടെന്നും ഇത് മൗലികാവകാശത്തിന് എതിരാണെന്നുമായിരുന്നു ഹർജിക്കാരനായ അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്റെ വാദം. ഹർജിക്കാരൻ ഭരണഘടനാ സാധുത ചോദ്യം ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് വാദത്തിനിടെ ചൂണ്ടിക്കാട്ടി.

വാർത്ത ചാനലുകളായ ഏഷ്യനെറ്റ് ന്യൂസിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേക്ഷണം 48 മണിക്കൂര്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മാർച്ച് ആറിനാണ് ഉത്തരവിട്ടത്. ഇതേത്തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകൾക്ക് സംപ്രേഷണം അവസാനിപ്പിക്കേണ്ടി വന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ചാനലുകൾ ലഭ്യമായിരുന്നില്ല.

ALSO READ: കൊറോണ ബാധ: സാമ്പത്തിക പ്രതിസന്ധികളില്‍ ഇന്ത്യന്‍ രൂപയ്ക്ക് വന്‍ മൂല്യത്തകര്‍ച്ച; വിപണി കൂപ്പുകുത്തി

വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 25ന് ഏഷ്യനെറ്റ് ന്യൂസിലും മീഡിയ വണ്ണിലും സംപ്രേക്ഷണം ചെയ്ത വിവിധ ബുള്ളറ്റിനുകളുടെ ഉള്ളടക്കം 1994ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിന്‍റെ ലംഘനമാണെന്ന് മന്ത്രാലയം വിലയിരുത്തി. “ഇത് പോലെ ഗുരുതരമായ സംഭവങ്ങൾ അതീവ ശ്രദ്ധയോടെയും സംതുലിതമായും റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു. കലുഷിതമായ അന്തരീക്ഷത്തിൽ ഇത്തരത്തിലുള്ള റിപ്പോർട്ടിങ് മതസ്പർദ്ധ വർധിപ്പിക്കാന്‍ ഉതകും,” മന്ത്രാലയം ചാനലുകൾക്ക് നൽകിയ ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button