മുരളി തുമ്മാരുകുടി
കൊറോണ: ആരോഗ്യവും സാന്പത്തികവും…
കൊറോണ വൈറസ് പ്രശ്നം ഒരു ആരോഗ്യ എമർജെൻസിയായിട്ടാണ് പൊതുജനങ്ങളും സർക്കാരും ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. തുടക്കത്തിൽ അതാണ് ശരിയും.
പക്ഷെ പതുക്കെപ്പതുക്കെ ഇതൊരു സാന്പത്തിക എമർജൻസി ആകുകയാണ്. (വിമാന) യാത്രകൾ, ടൂറിസം, ഹോട്ടൽ വ്യവസായം, തീർത്ഥാടനം, വിവാഹം, കാറ്ററിങ്, ബസ്, ടാക്സി, വഴിയോര കച്ചവടം എന്നിങ്ങനെ ഒന്നിന് പുറകെ ഒന്നായി സന്പദ് വ്യവസ്ഥയിലേക്ക് കൊറോണയുടെ പ്രത്യാഘാതങ്ങൾ പടരും. പെട്രോളിന്റെ വില കുറയുന്നതും ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രാപ്രശ്നങ്ങളും അവിടെ തൊഴിൽ പ്രതിസന്ധി ഉണ്ടാക്കിയില്ലെങ്കിൽ പോലും അരക്ഷിതാവസ്ഥ ഉണ്ടാക്കും. കേരളത്തിലെ മറുനാടൻ തൊഴിലാളികളുടെ കാര്യവും വ്യത്യസ്തമാവില്ല. നൂറിൽ താഴെ പേരെ മാത്രം ഇപ്പോൾ നേരിട്ട് ബാധിച്ചിട്ടുള്ള ഈ വൈറസ് മൂന്നര കോടി മലയാളികളുടെ ജീവിതത്തിലും ഏതെങ്കിലും വിധത്തിൽ ആഘാതം ഉണ്ടാക്കാൻ പോവുകയാണ്.
ഇക്കാരണങ്ങളാൽ ഈ വിഷയത്തിന്റെ ആരോഗ്യവശങ്ങൾ ചർച്ച ചെയ്യുന്നതോടൊപ്പം സാന്പത്തിക വിഷയങ്ങളും അതിനെ നേരിടാനുള്ള രീതികളും ചർച്ചയാകണം. പ്രളയകാലത്ത് വിവിധ മേഖലകളിലെ ഡാമേജ് അസ്സെസ്സ്മെന്റ് നടത്തിയതുപോലെ കൊറോണക്കാലത്തെ ഡാമേജ് അസ്സെസ്സ്മെന്റും വേണം. ഏതൊക്കെ മേഖലകളെ ആണ് ബാധിച്ചത്, ഇനി ബാധിക്കാൻ പോകുന്നത്, അവർക്ക് ഏതൊക്കെ സഹായങ്ങളാണ് വേണ്ടത് എന്നതെല്ലാം ചർച്ച ചെയ്യണം. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്പോൾ കേന്ദ്ര സഹായ പദ്ധതികൾ അടക്കം പല തരത്തിലും സഹായങ്ങൾ കിട്ടാറുണ്ട്. എന്നാൽ നിലവിൽ അങ്ങനെ ഒരു സംവിധാനം നമുക്കില്ല, അതുണ്ടാക്കണം. സന്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ എന്താണ് ചെയ്യാൻ സാധിക്കുന്നതെന്ന് ചിന്തിക്കണം.
വ്യക്തിപരമായ തലത്തിലും ഓഫീസ് തലത്തിലും ഇത്തരത്തിലാണ് കൂടുതൽ ചർച്ചകൾ ഉണ്ടാകേണ്ടത്. എല്ലാ സമയവും വൈറസിനെ എങ്ങനെയാണ് നേരിടുന്നത്, മാസ്കിന്റെ വില എന്നിവ മാത്രമായി ചർച്ചകൾ ചുരുക്കിയാൽ നമ്മൾ അറിയാതെ സാന്പത്തിക മാന്ദ്യം നമ്മെ പിടികൂടും, പുറത്തു കടക്കാൻ ബുദ്ധിമുട്ടുകയും ചെയ്യും.
Post Your Comments