തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങൾ കത്തിച്ച കേസിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ കേസിൽ ആരെയും പ്രതിചേർക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടേയിരിക്കുകയാണ്. പിണറായി നിയമസഭയെ അറിയിച്ചു.
കെ എസ് ശബരീനാഥൻ എംഎൽഎയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല യുവതീപ്രവേശന വിധിയെ ശക്തമായി അനുകൂലിച്ച സന്ദീപാനന്ദ ഗിരിക്ക് ഭീഷണികള്‍ ഉണ്ടായതിന് പിന്നാലെ നടന്ന അക്രമം വലിയ ചർച്ചയായി. ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു.
ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിൽ ആക്രമണം നടന്നത്. ആശ്രമത്തിലെ രണ്ട് കാറും ഒരു ബൈക്കും കത്തി നശിച്ചു. ആശ്രമത്തിന്റെ പോർച്ചും കത്തി. ആശ്രമത്തിന് മുന്നിൽ റീത്തും വെച്ചിരുന്നു.
എന്നാൽ കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്ന കാഴ്ചയാണ് സംഭവത്തിൽ ഉണ്ടായത്. കേസ് പ്രത്യേക സംഘത്തെ ഏൽപിച്ചിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. ആശ്രമത്തിന്‍റെ ആറ് കിലോമീറ്റർ പരിധിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സന്ദീപാനന്ദഗിരിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയവരെ ചോദ്യം ചെയ്യുകയും ചെയ്തെങ്കിലും ഫലം ഉണ്ടായില്ല. റീത്ത് വാങ്ങിയ കടയോ പെട്രോൾ വാങ്ങിയ പമ്പോ കണ്ടെത്താനുമായില്ല.
ALSO READ: പ്രളയഫണ്ട് തട്ടിപ്പ് കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി ക്രൈംബ്രാഞ്ച്
സിറ്റി പൊലീസ് കമ്മീഷണര്‍ പി. പ്രകാശിന്‍റെ നേതൃത്വത്തില്‍ പത്ത് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ദൃക്സാക്ഷി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അക്രമിയുടെ രേഖാചിത്രം തയ്യാറാക്കിയെങ്കിലും സംഭവം നടന്ന് ഒരു കൊല്ലം പിന്നിടുമ്പോഴും പൊലീസ് ഈ രേഖാചിത്രം പുറത്തു വിട്ടിട്ടില്ല. അന്വേഷണത്തിൽ വ്യക്തമായ തെളിവൊന്നും ലഭിച്ചില്ലെന്നതാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇതോടെയാണ് അന്വേഷണം വഴിമുട്ടിയെന്ന പരാതിയുമായി സ്വാമി സന്ദീപാനന്ദഗിരി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
Leave a Comment