ന്യൂഡല്‍ഹി: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍, രാജീവ് ഗാന്ധിയുടെ പെയിന്റിംഗ് വാങ്ങിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തേക്കും. ദിവാന് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റാണയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രിയങ്കയെ ചോദ്യംചെയ്യാനൊരുങ്ങുന്നതെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു.
റാണാ കപൂറിന്റെ കൈവശമുള്ള കോടികള്‍ മതിക്കുന്ന ഒട്ടേറെ ചിത്രങ്ങളില്‍ ഒന്നാണ് പ്രിയങ്കയുടെ കൈയില്‍നിന്ന് വാങ്ങിയ രാജീവ് ഗാന്ധിയുടെ പെയിന്റിംഗ്.
എം.എഫ്. ഹുസൈന് വരച്ച രാജീവ് ഗാന്ധിയുടെ പെയിന്റിംഗ് രണ്ടു കോടി രൂപയ്ക്കാണ് റാണാ കപൂര്‍ വാങ്ങിയത്.അതേസമയം, എം.എഫ്. ഹുസൈന് വരച്ച രാജീവ് ഗാന്ധിയുടെ പെയിന്റിംഗ് റാണയ്ക്ക് വിറ്റതില്‍ യാതൊരു അപാകതയുമില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇക്കാര്യം ആദായനികുതി റിട്ടേണില്‍ പ്രിയങ്ക വ്യക്തമാക്കിയിട്ടുണ്ടെന്നും പാര്‍ട്ടി അറിയിച്ചു.
ഇതിനിടെ രണ്ടുകോടി രൂപയ്ക്ക് പെയിന്റിങ് വാങ്ങിയതിന് കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി യെസ് ബാങ്ക് ഉടമ റാണ കപൂറിന് അയച്ച കത്ത് ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടു. പ്രിയങ്ക ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധിയുടെ ചിത്രമാണ് റാണ കപൂര്‍ രണ്ടുകോടി രൂപയ്ക്ക് വാങ്ങിയത്. 1985 എം എഫ് ഹുസൈന്, താന്‍ വരച്ച ചിത്രം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു ആഘോഷത്തില്‍ വച്ച് രാജീവ് ഗാന്ധിക്ക് സമ്മാനിക്കുകയായിരുന്നു. രണ്ടു കോടി രൂപയുടെ ചെക്ക് കിട്ടിയെന്നും പ്രിയങ്ക കത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.
യെസ് ബാങ്ക് ഉടമ റാണ കപൂറും രണ്ടു പെണ്മക്കളും ചേര്‍ന്നു നടത്തിയ 600 കോടി രൂപയുടെ തട്ടിപ്പിനെക്കുറിച്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിച്ചുവരികയാണ്.
Post Your Comments