മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ഗുജറാത്തിലും പാര്‍ട്ടിക്ക് തിരിച്ചടി. ഗുജറാത്തില്‍ 13 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന. ഇവര്‍ ബിജെപിയുമായി ചര്‍ച്ച നടത്തി വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഈ മാസം തന്നെ ഇവർ ബിജെപിയില്‍ ചേരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതെ സമയം മധ്യപ്രദേശിൽ എംഎൽഎ മാരുടെ കൊഴിഞ്ഞു പോക്ക് തുടരുകയാണ്.
കോണ്‍ഗ്രസില്‍ നിന്ന് 30 എംഎല്‍എമാര്‍ രാജി വെച്ച് ബിജെപിക്കൊപ്പം ചേരുമെന്ന് ബിജെപി നേതാവും മധ്യപ്രദേശിലെ മുന്‍ ആഭ്യന്തര മന്ത്രിയുമായ ഭൂപേന്ദ്ര സിംഗ് വ്യക്തമാക്കി . ബെംഗളൂരുവിലുളള 19 എംഎല്‍എമാരുടെ രാജിക്കത്തും കൊണ്ടാണ് താന്‍ ഭോപ്പാലില്‍ എത്തിയത്. ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഇനിയുമുണ്ട്. വൈകുന്നേരത്തോടെ എണ്ണം 30 ആയി ഉയരും എന്ന് അദ്ദേഹം പറഞ്ഞു.
ഇനിയും രാജിയുണ്ടാകും എന്ന് കോണ്‍ഗ്രസ് എംഎല്‍എ ബിസാഹുലാല്‍ സാഹു പ്രതികരിച്ചു.കമല്‍നാഥിന്റെ നേതൃത്വത്തോട് അതൃപ്തിയുളള നേതാക്കളാണ് ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം പാര്‍ട്ടി വിട്ടിരിക്കുന്നതെന്നും ഇനിയും നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെക്കുമെന്നും ബിസാഹുലാല്‍ സാഹു വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും മറ്റ് ബിജെപി നേതാക്കള്‍ക്കും ഒപ്പമാണ് സാഹു മാധ്യമങ്ങളെ കണ്ടത്.
Post Your Comments