അഞ്ജു പാർവ്വതി പ്രഭീഷ്
” എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല’ ഈ പാട്ട് എന്നും എപ്പോഴും അനുയോജ്യമായിട്ട് മൂളാൻ പറ്റുന്ന ഒരൊറ്റ രാഷ്ട്രീയപ്രസ്ഥാനമേ ഇന്ത്യയിൽ ഉള്ളൂ.അതാണ് 1885 ൽ സ്ഥാപിതമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന ഖദർ പാർട്ടി.അധികാരത്തിനു വേണ്ടി ഇത്രയധികം തമ്മിലടിക്കുന്ന മറ്റൊരു പാര്‍ട്ടിയും ഈ രാജ്യത്ത് എന്നല്ല ഈ ലോകത്ത് തന്നെ വേറെയുണ്ടോ എന്ന് സംശയമാണ്. വാജ്പേയിയുടെ കാലത്തും പിന്നീട് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും ബി.ജെ.പി കേന്ദ്രത്തില്‍ സര്‍ക്കാറുണ്ടാക്കിയത് തന്നെ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയിലാണ്.ഒരു കോൺഗ്രസ്സ് അനുഭാവിയെന്ന നിലയിൽ വളരെയധികം ലജ്ജയോടെ തന്നെ ചിലത് പറയാതെ തരമില്ല.
മധ്യപ്രദേശിൽ വീണ്ടും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനുള്ള സാഹചര്യമാണ് കോണ്‍ഗ്രസ്സിന്റെ കഴിവുകേടിന്റെ ഭാഗമായി ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. കറന്‍സി കെട്ടുകളും മന്ത്രി പദവിയും കിട്ടിയാല്‍ ഏത് കോണ്‍ഗ്രസ്സ് എം.എല്‍.എമാരെയും വിലക്കു വാങ്ങാന്‍ പറ്റുമെങ്കില്‍ അത് അത്യന്തം അപകടകരമായ സ്ഥിതി വിശേഷം തന്നെയാണ്. പക്ഷേ അതിനു തെറ്റുപറയേണ്ടത് വിലയ്ക്കുവാങ്ങുന്നവരെയല്ല,മറിച്ച് എന്നെ എടുത്തോളൂ എന്ന് പറഞ്ഞ് മറുകണ്ടം ചാടാൻ നില്ക്കുന്നവരെയല്ലേ?
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പത്ത് സംസ്ഥാനങ്ങളില്‍ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയത് നൂറിനടുത്ത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ഈ കൂറുമാറ്റം ത്രിപുര, ഗോവ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് അധികാരം പിടിച്ചടക്കാന്‍ സഹായകരമാവുകയും ചെയ്തു.മധ്യപ്രദേശിൽ ബി.ജെ.പി നടത്തുന്നത് കുതിരക്കച്ചവടമാണെന്ന വാദങ്ങളുമായി കോൺഗ്രസ്സും ഒരു തരി പാർട്ടിയും രംഗത്തിറങ്ങി തുടങ്ങി.ആയിരിക്കാം.ആണെങ്കിൽ തന്നെ അത് കുറ്റപ്പെടുത്താൻ കോൺഗ്രസ്സിനു എങ്ങനെ കഴിയും.
ചരിത്രത്തിൽ നല്ല വെണ്ടയ്ക്കാവലിപ്പത്തിൽ എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ട് കോൺഗ്രസ്സ് നടത്തിയ ചില കുതിരക്കച്ചവടങ്ങൾ. ഭരണഘടന ദുരുപയോഗിച്ച് സ്വതന്ത്ര്യ ഇന്ത്യയിൽ സർക്കാരുകളെ പുറത്താക്കിയ സംഭവം ഇതാദ്യമായല്ല. ഇതിന് മുൻപ് 115 തവണയാണ് ഇത്തരത്തിലുള്ള അവസ്ഥയുണ്ടായത്. അതിൽ ഏറ്റവും ശ്രദ്ധേയമായ വിവരം 87 തവണയും ജനാധിപത്യത്തെ അട്ടിമറിച്ചത് ഇന്ന് മുറവിളി കൂട്ടുന്ന കോൺഗ്രസ് സർക്കാരാണ് എന്നതാണ്.
പണം കൊടുത്ത് എംഎൽഎമാരെ വാങ്ങുന്ന ബാർട്ടർ സമ്പ്രദായം തുടങ്ങിയത് എന്റെ സ്വന്തം പാർട്ടിയാണ്. മുപ്പത്തിയാറ് കൊല്ലം മുമ്പ് കർണ്ണാടകയിൽ ഒരു എംഎൽഎയ്ക്ക് കോൺഗ്രസിട്ട വില 25 ലക്ഷമാണ്. വർഷങ്ങൾ കടന്നു പോകുമ്പോൾ അതിന്റെ ഇരട്ടിയായി തുടങ്ങി വച്ചതെല്ലാം തിരികെ ലഭിക്കുന്നത അവസ്ഥയാണിപ്പോൾ.
സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്നത് ഇന്ദിരാഗാന്ധിയുടെ സ്ഥിരം ശൈലിയായിരുന്നു. 87 തവണയാണ് കോൺഗ്രസ് സംസ്ഥാന സർക്കാരുകളെ ഇതുവരെ പിരിച്ചുവിട്ടത്. കുതിരക്കച്ചവടത്തിലൂടെ അധികാരം പടിച്ചെടുക്കുന്ന ശൈലി അവതരിപ്പിച്ചതും കോൺഗ്രസ് തന്നെ.
ജാവഹർലാൽ നെഹ്രു തുടങ്ങിവെച്ച സംസ്ഥാനഭരണം പിടിച്ചെടുക്കൽ രീതി 1966 – 1977 നിടയിൽ ഇന്ദിരാഗാന്ധി 39 തവണയാണ് പ്രയോഗിച്ചത്. കുതിരക്കച്ചവടക്കഥ തുടങ്ങുന്നത് 1953ലാണ്. അന്ന് മദ്രാസിൽ രാജാജി പുറത്തെടുത്ത തന്ത്രമാണത്. 375 അംഗ നിയമസഭയിൽ 152 എംഎൽമാർ മാത്രമാണ് രാജാജിക്കൊപ്പമുണ്ടായിരുന്നത്. അവിശ്വാസം അതിജീവിക്കാൻ 50 പേരെ മറുകണ്ടം ചാടിച്ചു. അതിന്റെ പുതിയ മുഖമാണ് കർണ്ണാടകയിൽ ബി.ജെ.പി പരീക്ഷിച്ചതും ഇനി മധ്യപ്രദേശിൽ
പരീക്ഷിക്കാൻ ബിജെപി ശ്രമിക്കുന്നതും.
1984ൽ അമേരിക്കയിൽ ചികിൽസയ്ക്ക് പോയ എൻടിആറിനെ അട്ടിമറിച്ചതും ഇതേ തന്ത്രത്തിലൂടെയായിരുന്നു. തെലുങ്കുദേശത്തിൽ നിന്ന് ഭാസ്‌കര റാവുവിനെ കോൺഗ്രസ് അടർത്തി എടുത്ത് മുഖ്യമന്ത്രിയാക്കി. അന്ന് റിസോർട്ടിൽ എംഎൽഎമാരെ പൂട്ടിയിട്ട് കോൺഗ്രസിന്റെ നീക്കം തടയാൻ എൻടിആറും ശ്രമിച്ചു.
1993 ൽ നരസിംഹറാവു സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയപ്പോൾ കോൺഗ്രസിന് കേവല ഭൂരിപക്ഷം ഇല്ലായിരുന്നു. രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷമെത്തിയ സർക്കാർ വില കൊടുത്താണ് അധികാരത്തിൽ അതിശക്തരായത്. അജിത് സിങ്ങിന്റെ 8 എംപിമാരെയും , ജെഎംഎമ്മിന്റെ 4 എംപിമാർക്കും രണ്ട് കോടി വീതം കൊടുത്താണ് എല്ലാം നേരെയാക്കിയത്. ഈ കേസിൽ കീഴ് കോടതി റാവുവിനെ 3 കൊല്ലം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.
കണക്കുകൾ ഇനിയുമുണ്ട്.നമ്മുടെ കൊച്ചുകേരളത്തിൽ വരെ. അത് വിമോചനസമരത്തിൽ തുടങ്ങി നെയ്യാറ്റിൻകരയിലെ സെൽവരാജിൽ വരെ എത്തിനില്ക്കുന്നു.കോൺഗ്രസ് തുടങ്ങിയ ജനാധിപത്യ ധ്വംസനം പുതിയ തലത്തിൽ തുടരുകയാണ്.പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കുമെന്നു കേട്ടിട്ടില്ലേ.അത്രയേ ഉള്ളൂ സംഭവം. ഓഫറുകളും പദവികളും തല്‍കി എത്ര പേരെ പിടിച്ച് നിര്‍ത്താന്‍ പറ്റുമെന്നതും അത് തന്നെ എത്ര നാള്‍ എന്നതും വലിയ ചോദ്യമാണ്. സ്ഥാനമാനങ്ങളോ പണമോ ആഗ്രഹിക്കാതെ ജനസേവനത്തിന് ഇറങ്ങുന്നവര്‍ വളരെ കുറവുള്ള കോണ്‍ഗ്രസ്സില്‍ നിന്നും കൂടുതല്‍ എം.എല്‍.എമാര്‍ ഇനിയും കളം മാറ്റി ചവിട്ടിയാല്‍ ഖദറിൽ നിന്നും കാവിയിലേയ്ക്കുള്ള ദൂരം ഒട്ടുമില്ലാതെയാകും.
Post Your Comments