Latest NewsNewsIndia

ഷഹീന്‍ ബാഗില്‍ വെടിവെപ്പ് നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ കപില്‍ ഗുജ്ജാറിന് വന്‍ സ്വീകരണമൊരുക്കി നാട്ടുകാര്‍ ; വീഡിയോ

ദില്ലി: ഷഹീന്‍ ബാഗില്‍ വെടിവെപ്പ് നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ കപില്‍ ഗുജ്ജാറിന് വന്‍ സ്വീകരണമൊരുക്കി നാട്ടുകാര്‍. ഫെബ്രുവരി 1നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കുന്ന സ്ഥലത്തിന് സമീപം ദില്ലിയിലെ ദല്ലുപുര സ്വദേശിയായ കപില്‍ ഗുജ്ജര്‍ വെടിവെപ്പ് നടത്തിയിരുന്നത്. ഹിന്ദുരാഷ്ട്ര സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ഇയാള്‍ വെടിവെച്ചത്. വെള്ളിയാഴ്ചയാണ് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്.

ഭഗത് സിംഗിന്റെ ടീ ഷര്‍ട്ട് അണിഞ്ഞ് നാട്ടിലെത്തിയ കപില്‍ ഗുജ്ജറിന് വന്‍ സ്വീകരണമാണ് ഒരുക്കിയത്. വാദ്യമേളങ്ങളോടെ ആലിംഗനം ചെയ്ത് ഇയാളെ സ്വീകരിക്കുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ജാമ്യം അനുവദിക്കരുതെന്നും അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നുമുള്ള പൊലീസ് വാദം കണക്കിലെടുക്കാതെയായിരുന്നു ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. നിയമത്തിന് മുന്നില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കില്ലെന്ന് അയാളുടെ അഭിഭാഷകന്‍ കോടതിയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇയാള്‍ക്ക് എതിരെ മറ്റ് കേസുകള്‍ ഒന്നും തന്നെയില്ലെന്നും ഭാര്യയും കുഞ്ഞും ഇയാളെ ആശ്രയിച്ചാണ് കഴിയുന്നതെന്നും യുവാവിനെ കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ജാമ്യം അനുവദിച്ച കോടതി ജാമ്യ തുകയായി 25000 കെട്ടിവെയ്ക്കുന്നതിനും നിര്‍ദേശിക്കുകയുമായിരുന്നു.

ഇയാള്‍ക്ക് ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്ത് വന്നിരുന്നു. കപില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്നായിരുന്നു പൊലീസ് വാദവും. മാത്രവുമല്ല ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ എഎപി നേതാക്കളോടൊപ്പം ഇയാള്‍ നില്‍ക്കുന്ന ചിത്രം കണ്ടിരുന്നതായി പൊലീസ് പറഞ്ഞു. അച്ഛനും കൂട്ടുകാര്‍ക്കുമൊപ്പം കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ എഎപിയില്‍ അംഗത്വമെടുത്തതെന്നും പൊലീസ് പറഞ്ഞിരുന്നു. അതേസമയം പൊലീസിന്റെ വാദം കപിലിന്റെ അച്ഛനും സഹോദരനും തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button