പത്തനംതിട്ട: കൊറോണ സ്ഥിരീകരിച്ച ഇറ്റലിയില്‍നിന്ന് വന്ന പത്തനംതിട്ടക്കാര്‍ ആദ്യം വൈദ്യപരിശോധനാസംഘവുമായി സഹകരിക്കാന്‍ മടിച്ചുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍. മടക്കയാത്രയ്ക്ക് മെഡിക്കല്‍ ക്ലിയറന്‍സ് തരില്ലെന്ന് ഡി.എം.ഒ. ഫോണില്‍ അറിയിച്ചതോടെയാണ് മനസ്സ് മാറിയത്. ഇവര്‍ കാര്യങ്ങള്‍ മറച്ചുവെച്ചാണ് ഇത്രയുംദിവസം നാട്ടില്‍കഴിഞ്ഞത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം മാര്‍ച്ച് മൂന്നുമുതലാണ് വിദേശത്തുനിന്ന് എത്തുന്ന എല്ലാ യാത്രക്കാരെയും പരിശോധിക്കാന്‍ തുടങ്ങിയത്.
കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ അതിനുമുമ്പ് എത്തിയവരാണ്. ആസമയത്ത് വിമാനത്താവളത്തിലുണ്ടായിരുന്ന ഹെല്‍ത്ത്കൗണ്ടറില്‍ ഇവര്‍ റിപ്പോര്‍ട്ടും ചെയ്തില്ല.പിന്നീട് റാന്നിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയ്‌ക്കുവന്ന ഗൃഹനാഥയും വിവരം ഡോക്ടറോട് പറഞ്ഞില്ല. ഇടപഴകിയ അടുത്ത ബന്ധുക്കള്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ പനിയുമായി ചെന്നപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്. അവര്‍ ഡോക്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി പറഞ്ഞു. രണ്ടുചോദ്യങ്ങളാണ് ഡോക്ടര്‍ ചോദിച്ചത്. വിദേശത്തുനിന്ന് വന്നതാണോ?.
വിദേശത്തുനിന്ന് വന്നവര്‍ വീട്ടിലുണ്ടോ? രണ്ടാമത്തെ ചോദ്യത്തിന് ഉത്തരംപറഞ്ഞപ്പോള്‍ സംശയമായി. അങ്ങനെയാണ് ഇത് കണ്ടെത്തിയത്. ഖത്തര്‍ എയര്‍വേയ്‌സിന്റെ QR 126 വെനീസ്-ദോഹ ഫ്‌ളൈറ്റില്‍ രാത്രി 11.20 നാണ് ഇവര്‍ ദോഹയിലെത്തിയത്. ദോഹയില്‍ ഒന്നര മണിക്കൂര്‍ കാത്തിരുന്നു. ശേഷം ഖത്തര്‍ എയര്‍വേയ്‌സിന്റെ QR 514 ദോഹ-കൊച്ചി ഫ്‌ളൈറ്റില്‍ രാവിലെ 8.20 ന് കൊച്ചിയിലെത്തി. കൊച്ചിയില്‍ നിന്നും സ്വകാര്യ വാഹനത്തിലാണ് ഇവര്‍ പത്തനംതിട്ട റാന്നിയിലെ ഐത്തലയിലെത്തിയത്. അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇറ്റലിയില്‍ നിന്നും വന്ന 56,53 വയസുള്ള ദമ്ബതിമാര്‍ ഇവരുടെ 24 വയസുള്ള മകന്‍.
ഇവരുടെ അടുത്ത ബന്ധുവും അയല്‍വാസികളുമായ 65-കാരനും 61 വയസുള്ള സ്ത്രീയും ഇങ്ങനെ അഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസോേെലഷന്‍ വാര്‍ഡില്‍ കഴിയുന്ന അഞ്ച് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ആ വിവരം വിമാനത്താവളത്തില്‍ അറിയിക്കണമെന്നും പരിശോധനയ്ക്കു ശേഷം മാത്രം വേണം പുറത്തിറങ്ങാന്‍ എന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിബന്ധനകളൊന്നും പാലിക്കാന്‍ ഇവര്‍ തയ്യാറായില്ല.
വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയ ഇവരെ സ്വീകരിക്കാന്‍ രണ്ടു ബന്ധുക്കളും എത്തിയിരുന്നു. തുടര്‍ന്ന് സ്വകാര്യ കാറില്‍ ഇവര്‍ അഞ്ചുപേരും കൂടി പത്തനം തിട്ടയിലേക്ക് തിരിക്കുകയായിരുന്നു. മാര്‍ച്ച് ഒന്നിന് രാവിലെ 8.20ഓടെ കൊച്ചിയില്‍ എത്തിയ ഇവര്‍ മാര്‍ച്ച് ആറ് വരെ പത്തനംതിട്ടയില്‍ പലഭാഗത്തുമായി സഞ്ചരിക്കുകയും നിരവധിപേരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. ഇവരെയെല്ലാം കണ്ടെത്തുക എന്ന ബുദ്ധിമുട്ടേറിയ ദൗത്യമാണ് ആരോഗ്യവകുപ്പിനെ കാത്തിരിക്കുന്നത്.
Post Your Comments