റിയാദ് : സൗദിയിൽ ഇന്ത്യൻ സ്കൂളുകൾക്കും അനിശ്ചിതകാല അവധി.കൊവിഡ് 19 വൈറസിനെ തുടർന്ന് ജാഗ്രതയുടെ ഭാഗമായി സ്‌കൂളുകൾക്കും സർവകലാശാലകൾക്കും തിങ്കളാഴ്ച മുതല്‍ വിദ്യാഭ്യാസ മന്ത്രാലയം അനിശ്ചിതകാല അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്‌സ്കൂളും അടയ്ക്കുകയാണെന്നും, ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ കിന്റർഗാർട്ടൻ മുതൽ 12-ാം ക്ലാസുവരെ പ്രവർത്തിക്കില്ലെന്നും പ്രിൻസിപ്പൽ ഡോ. ഷൗക്കത്ത് പർവേഷ് അറിയിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന തദ്ദേശീയവും അന്തർദേശീയവുമായ എല്ലാ സ്ഥാപനങ്ങളും ഈ ഉത്തരവ് ബാധകമായതിനാൽ സൗദിയിലുള്ള മുഴുവൻ ഇന്ത്യൻ സ്കൂളുകളും അവധിയിൽ പ്രവേശിച്ചിട്ടുണ്ട്. രാജ്യത്തെ സ്കൂളുകൾ, കോളജുകൾ, യൂണിവേഴ്സിറ്റികൾ, ടെക്നിക്കൽ കോളജുകൾ, പോളിടെക്നിക്കുകൾ, മെഡിക്കൽ കോളേജ് തുടങ്ങിയ മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കൊണ്ടുള്ള ഉത്തരവ് ഞായറാഴ്ച രാത്രി എട്ടോടെയാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്.
സൗദിയിൽ നാല് പേര്‍ക്കു കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 11 ആയി. രോഗം സ്ഥിരീകരിച്ച 11 പേരും കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ നിന്നുള്ളവരായതിനാൽ ഇവിടേക്ക് വരുന്നതിനും പുറത്തു പോകുന്നതിനും താത്കാലിക വിലക്കേർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ പ്രദേശത്തെ സ്കൂളുകൾ ഉൾപ്പെടെ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളും താൽക്കാലികമായി അടച്ചു. ഗ്യാസ് സ്റ്റേഷനുകളും ഫർമാസികളും ആശുപത്രികളും ഉൾപ്പെടെയുള്ള അത്യാവശ്യ സേവന മേഘലകൾ പ്രവർത്തിക്കുന്നതാണ്. നിലവിൽ ഖത്തീഫിന് പുറത്തുള്ള ഇവിടുത്തെ താമസക്കാർക്ക് തിരിച്ചു വീട്ടിലേക്ക് വരുന്നതിന് തടസമില്ല.
രോഗബാധ തടയാനായി വാണിജ്യ കേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളും മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ട്രോളികൾ അണുവിമുക്തമാക്കുന്നതിനും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ഉപയോഗത്തിനായി അണുനശീകരണ സംവിധാനം ഒരുക്കുന്നതിനും ഹൈപ്പർ മാർക്കറ്റുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്ക് റിയാദ് നഗരസഭ കർശന നിർദ്ദേശം നൽകി. വിവിധ മന്ത്രാലയങ്ങളും സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാരുടെ പഞ്ചിംഗ് സംവിധാനവും താൽക്കാലികമായി നിർത്തിവെച്ചു.അതേസമയം മുൻകരുതൽ നടപടികളുടെ ഭാഗമായി പള്ളികളിലെ കാർപെറ്റുകൾ പതിവായി അണുവിമുക്തമാക്കുന്നതിനു ഇസ്ലാമികകാര്യ മന്ത്രാലയവും നിർദേശം നൽകിയിട്ടുണ്ട്.
Post Your Comments