സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി ബാധ റിപ്പോര്‍ട്ട് ചെയ്ത് കോഴിക്കോട് കൊടിയത്തൂരിലെ കോഴിഫാമില്‍ ആയിരത്തോളം കോഴികള്‍ ഇതിനോടകം ചത്തുവെന്നാണ് വിവരം. കൊടിയത്തൂരിലെ കോഴി ഫാമിന് പുറമേ വേങ്ങേരിയിലെ ഒരു നഴ്‌സറിയില്‍ വളര്‍ത്തുന്ന കോഴികളിലും പക്ഷിപ്പനി കണ്ടെത്തിയിട്ടുണ്ട്. രണ്ടിടത്തും ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
രോഗം സ്ഥിരീകരിച്ച രണ്ടിടത്തും പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ മൃഗസംരക്ഷണവകുപ്പ് നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. രണ്ടിടത്തും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പക്ഷികളെ മുഴുവന്‍ നാളെ കൊന്ന് കത്തിക്കാന്‍ ആണ് തീരുമാനം. നാളെ രാവിലെ മുതല്‍ ഇതിനായുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.
എന്താണ് പക്ഷിപ്പനി?
പക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എന്‍1.
പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങള്‍ വഴിയാണ്. രോഗാണു സാന്നിധ്യമുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകള്‍ എന്നിവ വഴിയും വേഗം പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് രോഗം പകരും.
എങ്ങനെ മനുഷ്യരിലേക്ക് എത്തുന്നു ?
രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികള്‍ എന്നിവ വഴിയാണ് രോഗാണുക്കള്‍ മനുഷ്യരിലേക്കെത്തുന്നത്. രോഗം ബാധിച്ച മനുഷ്യരില്‍ മരണനിരക്ക് 60 ശതമാനത്തോളമാണ്. 1997 ല്‍ ചൈനയിലാണ് ആദ്യമായി പക്ഷിപ്പനിയുടെ വൈറസ് മനുഷ്യനിലേക്ക് പകരുന്നത്.
ലക്ഷണങ്ങള്‍
പനി, ജലദോഷം, തലവേദന, ഛര്‍ദി, വയറിളക്കം, ശരീരവേദന, ചുമ , ക്ഷീണം എന്നിവ സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍. ചിലപ്പോള്‍ ന്യുമോണിയ പോലുള്ള കടുത്ത ശ്വാസകോശ രോഗങ്ങള്‍ക്കിടയാക്കാന്‍ ഈ വൈറസുകള്‍ ഇടയാക്കാം.
രോഗമുണ്ടെന്ന് സംശയിക്കുന്ന പക്ഷികളില്‍ നിന്നും മനുഷ്യനില്‍ നിന്നും ആറ് അടിയിലേറെ ദൂരം പാലിക്കുക.
ഇറച്ചി, മുട്ട എന്നിവ കുറഞ്ഞത് 70 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കി മാത്രം ഭക്ഷിക്കുക.
രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കി കത്തിക്കുകയോ ആഴത്തില്‍ കുഴിച്ചിടുകയോ ചെയ്യണം.
പക്ഷികള്‍ക്ക് രോഗം വന്നാല്‍ വെറ്ററിനറി ജീവനക്കാരെ അറിയിക്കുക.
സുരക്ഷാ ക്രമീകരണങ്ങള്‍ കൃത്യമായി പാലിക്കുക.
Post Your Comments