കോഴിക്കോട്: കൂടത്തായി വ്യാജ ഒസ്യത്ത് കേസില്‍ സര്‍ക്കാര്‍ നോട്ടറിയായ വിജയകുമാറിനെ പ്രതിചേര്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി. കൂടത്തായി മുഖ്യപ്രതി ജോളി ജോസഫ് ഭര്‍തൃപിതാവ് ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാനായി വ്യാജ ഒസ്യത്ത് തയ്യാറാക്കിയത് സാക്ഷ്യപ്പെടുത്തി വിജയകുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് ഇയാളെ പ്രതിചേര്‍ക്കാന്‍ അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചത്.
ജോളി വ്യാജ ഒസ്യത്തിന്റെ ഫോട്ടോസ്റ്റാറ്റെടുത്ത ശേഷം വിജയകുമാറിന്റെ കുന്ദമംഗലത്തെ ഓഫീസില്‍ അറ്റസ്റ്റ് ചെയ്യാനായി എത്തുകയായിരുന്നു. മറ്റൊരു പ്രതിയായ മനോജിന്റെ സഹായത്തോടെയാണ് ജോളി വിജയകുമാറിന്റെ അടുത്തെത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. ടോം തോമസിന്റെ പേരിലുള്ള ഒസ്യത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെ വിജയകുമാര്‍ സാക്ഷ്യപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
റോയ് വധക്കേസില്‍ സാക്ഷിയായിരുന്ന വിജയകുമാറിനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം അടുത്ത ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വ്യാജ ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ട സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കെ.മനോജ് കുമാര്‍ കേസില്‍ നാലാം പ്രതിയാണ്.
Post Your Comments