കാസർഗോഡ് : കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭയിൽ സസ്പെൻഷൻ നടപടിക്കു വിധേയനായ രാജമോഹൻ ഉണ്ണിത്താൻ എംപി. അമിത്ഷായുടെ റിമോട്ട് കണ്ട്രോൾ ഭരണമാണ് ഡൽഹിയിൽ ഇപ്പോൾ നടക്കുന്നത്. സ്വേച്ഛാധിപതിയായ അമിത് ഷായ്ക്കൊപ്പം പാർലമെന്റിൽ ഇരിക്കുന്നതിനേക്കാൾ നല്ലത് ജനങ്ങൾക്കൊപ്പം പുറത്തിരിക്കുന്നതാണെന്നു ഉണ്ണിത്താൻ വിമർശിച്ചു.
പാർലമെന്റിൽ വരാത്ത അമിത് ഷാ സ്പീക്കറുടെ ഓഫീസിൽ സ്ഥിരമായി എത്താറുണ്ട്. അവിടെനിന്നു റിമോട്ട് കണ്ട്രോൾ ഭരണമാണു നടത്തുന്നത്. ഇതിന്റെ ഭാഗമാണു താനടക്കമുള്ള ഏഴ് കോണ്ഗ്രസ് എംപിമാരെ ലോക്സഭാ നടപടികളിൽനിന്നു സസ്പെൻഡ് ചെയ്തത്. 52 പേരുടെ കൊലപാതകത്തിനിടയാക്കിയ ഡൽഹി കലാപവുമായി ബന്ധപ്പെട്ടു പാർലമെന്റിൽ മറുപടി പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സ്പീക്കറും ഒളിച്ചോടുകയായിരുന്നു. ഡൽഹിയിലെ സംഘർഷത്തിന് യുപിയിൽനിന്നാണ് ആർഎസ്എസ്-ബജ്രംഗ്ദൾ പ്രവർത്തകരെത്തിയത്. പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിക്കാനുള്ള എല്ലാ അവകാശവും രാജ്യത്തെ പൗരൻമാർക്കുണ്ടെന്നും കോടതിപോലും ഇക്കാര്യം വ്യക്തമാക്കിയതാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
Post Your Comments