ന്യൂഡൽഹി: പുല്‍വാമ ഭീകരാക്രമണം ആസൂത്രണം ചെയ്‌ത കൊടും ഭീകരർ സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കാന്‍ രാസവസ്തുക്കള്‍ വാങ്ങിയത് ഇ കൊമേഴ്‌സ് സൈറ്റായ ആമസോണില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. പുല്‍വാമ ആക്രമണത്തിന് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് ആണ് ഉപയോഗിച്ചത്. ഇത് നിര്‍മിക്കുന്നതിനുള്ള രാസവസ്തുക്കളും, ബാറ്ററികളും മറ്റ് സാധനങ്ങളുമാണ് ഇ- കൊമേഴ്‌സ് സൈറ്റായ ആമസോണില്‍ നിന്ന് വാങ്ങിയതെന്ന് ഇവര്‍ പറയുന്നു. ഇത്തരത്തില്‍ വാങ്ങിയ സാധനങ്ങള്‍ ഭീകരര്‍ക്ക് നേരിട്ട് കൊണ്ടുപോയി കൊടുത്തത് വൈസുല്‍ ഇസ്ലാമാണെന്ന് എന്‍ഐഎ പറഞ്ഞു.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്ത വൈസുല്‍ ഇസ്ലാം, മൊഹമ്മദ് അബ്ബാസ് റാത്തര്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് പ്രതിയായ മുഹമ്മദ് അബ്ബാസ് റാത്തര്‍ 2018 ഏപ്രിലില്‍ കശ്മീരിലെത്തിയ ജെയ്‌ശെ മുഹമ്മദ് ഭീകരനും ബോംബ് നിര്‍മാണ വിദഗ്ധനുമായ മുഹമ്മദ് ഉമറിന് തന്റെ വീട്ടില്‍ താമസ സൗകര്യമൊരുക്കി.
കൂടാതെ പാകിസ്താനില്‍ നിന്നുള്ള ജെയ്ഷെ ചാവേറുകളായ ആദില്‍ അഹമ്മദ് ദര്‍, സമീര്‍ അഹമ്മദ് ദര്‍, കംറാന്‍ എന്നിവരെ പുല്‍വാമ ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്ബ് വരെ റാത്തര്‍ ഹക്രിപുരയിലെ വീട്ടില്‍ താമസിപ്പിച്ചിരുന്നു.
പുല്‍വാമ ആക്രമണത്തിന് അമോണിയം നൈട്രേറ്റ്, നൈട്രോ ഗ്ലിസറിന്‍, ആര്‍ഡിഎക്‌സ് എന്നിവയുപയോഗിച്ചാണ് ഭീകരര്‍ ബോംബ് നിര്‍മിച്ചത്. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെ ഞെട്ടിച്ച, ഇന്ത്യാ- പാക് ബന്ധം വളരെ വഷളാക്കിയ ഭീകരാക്രമണം നടന്നത്.
Post Your Comments