Latest NewsNewsWomen

ഇതഭിമാന നിമിഷം: വനിതാദിനത്തില്‍ ട്രെയിന്‍ ഓടിച്ച് വനിതകള്‍

ലോക്കോ പൈലറ്റ് മുതല്‍ ഗാര്‍ഡ് വരെയുള്ള സര്‍വ നിയന്ത്രണവും ഏറ്റെടുത്ത് വനിതകള്‍

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു ട്രെയിന്‍ പൂര്‍ണമായും വനിതകള്‍ ഓടിക്കുകയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മാര്‍ച്ച് 8-ാം തീയതി രാവിലെ 10.15ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന വേണാട് എക്‌സ്പ്രസാണ് വനിതകള്‍ ഓടിക്കുന്നത്. ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, പോയിന്റ്‌സ്‌മെന്‍, ഗേറ്റ് കീപ്പര്‍, ട്രാക്ക് വുമന്‍ എന്നിവരെല്ലാവരും വനിതകളായിരിക്കും. ടിക്കറ്റ് ബുക്കിംഗ് ഓഫീസ്, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സിഗ്നല്‍, കാരേജ്, വാഗണ്‍ എന്നീ വിഭാഗങ്ങളും നിയന്ത്രിക്കുക വനിതകളാണ്. മാത്രമല്ല റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ വനിത ഉദ്യോഗസ്ഥരായിക്കും സുരക്ഷയൊരുക്കുന്നത്. സതേണ്‍ റെയില്‍വേ തിരുവനന്തപുരമാണ് ഈയൊരു ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തിന് ഏറെ അഭിമാനിക്കാവുന്ന കാര്യമാണിതെന്നും ഇങ്ങനെയൊരു ദൗത്യം ധൈര്യത്തോടെ ഏറ്റെടുത്ത വനിതകള്‍ക്കും അതിന് വഴിവച്ച റെയില്‍വേയ്ക്കും പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നും ഷൊര്‍ണൂറിലേക്ക് പോകുന്ന 16302 നമ്പര്‍ വേണാട് എക്‌സ്പ്രസാണ് എറണാകുളം മുതല്‍ വനിതകള്‍ സര്‍വ നിയന്ത്രണവും ഏറ്റെടുക്കുന്നത്. രാവിലെ 10.15ന് എറണാകുളം സൗത്തില്‍ നിന്നും പുറപ്പെടുന്ന ട്രയിനിലെ വനിത ജീവനക്കാര്‍ക്ക് റെയില്‍വേ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

ടി.പി. ഗൊറോത്തി ഈ ട്രെയിനിന്റെ ലോക്കോ പൈലറ്റും വിദ്യാദാസ് അസിസ്റ്റന്റ് ലോക്കോ പൈലറ്റുമായിരിക്കും. ഗാര്‍ഡായി എം. ഷീജ, ടി.ടി.ഇ. ആയി ഗീതാകുമാരി, പ്ലാറ്റ്‌ഫോം എസ്.എം. ആയി ദിവ്യ, ക്യാബിന്‍ എസ്.എം. ആയി നീതു, പോയിന്റ്‌സ്‌മെന്‍ ആയി പ്രസീദ, രജനി, മെക്കാനിക്കല്‍ സ്റ്റാഫ് ആയി സിന്ധു വിശ്വനാഥന്‍, വി.ആര്‍. വീണ, എ.കെ. ജയലക്ഷ്മി, സൂര്യ കമലാസനന്‍, ടി.കെ. വിനീത, ശാലിനി രാജു, അര്‍ച്ചന എന്നിവരും ഈ ട്രയിനില്‍ സേവനമനുഷ്ഠിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button