KeralaLatest NewsNews

യുവാവിന്റെ മരണത്തെ തടുത്ത് പൊലീസ്… വന്‍ മതിലും നായ്ക്കളേയും മറികടന്ന് അവരെത്തിയപ്പോള്‍ മരണം പിന്‍വാങ്ങി… സിനിമയെ വെല്ലും സംഭവം

വിയ്യൂര്‍ : യുവാവിന്റെ മരണത്തെ തടുത്ത് പൊലീസ്. വന്‍ മതിലും നായ്ക്കളേയും മറികടന്ന് അവരെത്തിയപ്പോള്‍ മരണം പിന്‍വാങ്ങി. തൃശൂര്‍ വിയ്യൂരാണ് സംഭവം.  കഴിഞ്ഞ ദിവസം രാത്രി 11 മണി കഴിഞ്ഞു വിയ്യൂര്‍ സ്റ്റേഷന്‍ ഓഫിസര്‍ ശ്രീജിത്തിനു പേരു പറയാത്ത പെണ്‍കുട്ടിയുടെ ഫോണ്‍ സന്ദേശം ലഭിച്ചു. തന്റെ സുഹൃത്തായ യുവാവ് ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്നുവെന്നായിരുന്നു സന്ദേശം. എസ്‌ഐ സെല്‍വകുമാറിന്റെ നേതൃത്വത്തില്‍ പട്രോളിങ് സംഘം ഉടന്‍ പെണ്‍കുട്ടി നല്‍കിയ വിലാസത്തിലെത്തി.

ഗേറ്റ് അടച്ചു രണ്ടു വലിയ നായ്ക്കളെ തുറന്നു വിട്ടിരുന്നു. വിളി കേട്ടു പുറത്തുവന്ന മുതിര്‍ന്ന സ്ത്രീ തനിക്കു നായയെ കെട്ടാനാകില്ലെന്നും മകനെ വിളിക്കാമെന്നും പറഞ്ഞു അകത്തേക്കു പോയി. പുറത്തു വന്ന ചെറുപ്പക്കാരന്‍ താന്‍ നായ്ക്കളെ കൂട്ടിലാക്കി വരാമെന്നു പറഞ്ഞു അകത്തുപോയി. കുറച്ചു കഴിഞ്ഞും ചെറുപ്പക്കാരനെ കാണാതിരുന്നതു സംശയത്തിനിടയാക്കി. ഉച്ചത്തില്‍ വിളിച്ചെങ്കിലും മറുപടി കിട്ടിയില്ല.

സംശയം തോന്നിയ പൊലീസ് ഇതോടെ മതില്‍ ചാടി കടക്കാന്‍ തീരുമാനിച്ചു. വീടിനു ചുറ്റും വെളിച്ചവുമില്ലായിരുന്നു. മുകളിലെ മുറിയില്‍ അനക്കം കണ്ടു ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ ചെറുപ്പക്കാരന്‍ ഫാനില്‍ തൂങ്ങി പിടയുന്നതു കണ്ടു. അതോടെ നായ്ക്കളെ വകവയ്ക്കാതെ 3 ഉദ്യോഗസ്ഥരും മതില്‍ ചാടി കടന്നു. പുറത്തു ചാരിവച്ചിരുന്ന ചെറിയ ഗോവണിയിലൂടെ മുകളിലെത്തിയ ഇവര്‍ വാതില്‍ തുറന്നു അകത്തെത്തി. തൂങ്ങിക്കിടക്കുകയായിരുന്ന ചെറുപ്പക്കാരനെഎസ്‌ഐ ശെല്‍വകുമാറും ഹോം ഗാര്‍ഡ് ജസ്റ്റിനും ചേര്‍ന്ന് ഉയര്‍ത്തി നിര്‍ത്തി.

ഡ്രൈവര്‍ ഷിനുമോന്‍ കയര്‍ അറുത്ത ശേഷം ഇതേ ഗോവണിയിലൂടെ തന്നെ താഴോട്ടിറക്കി. അപ്പോഴും നായ്ക്കള്‍ ഗേറ്റില്‍ കാവല്‍ നില്‍പ്പുണ്ടായിരുന്നു. പൊലീസ് വാഹനത്തില്‍വച്ചുതന്നെ ജില്ലാ ആശുപത്രി മെഡിക്കല്‍ ഓഫിസറെ ബന്ധപ്പെടുകയും സജ്ജമായിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആശുപത്രിയില്‍ ജീവനക്കാര്‍ തയാറായി നിന്നിരുന്നു. ഉടന്‍ അടിയന്തര ചികിത്സ നല്‍കിയതിനാല്‍ ചെറുപ്പക്കാരന്റെ ജീവന്‍ തിരികെ ലഭിച്ചു. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.

shortlink

Post Your Comments


Back to top button