കാലാവസ്ഥകള്‍ മാറുന്നതിനിടെ എപ്പോഴും വ്യാപകമായി വരുന്ന അസുഖമാണ് ജലദോഷവും തൊണ്ടവേദനയും. ഇതിനൊന്നും ഓടിപ്പോയി മരുന്നുവാങ്ങി കഴിക്കേണ്ട കാര്യമില്ലെന്നാണ് മിക്കവരും പറയാറ്. എന്നാല്‍ ഇത്തരക്കാര്‍ പോലും കഫ് സിറപ്പുകളെ ആശ്രയിക്കുന്നത് കാണാറുണ്ട്.
ഈ കഫ് സിറപ്പ് വീട്ടില്‍ തന്നെ തയ്യാറാക്കിയാലോ? പ്രകൃതിദത്തമായ ഒരുപിടി ചേരുവകളുണ്ടെങ്കില് വളരെ എളുപ്പത്തില്‍ തന്നെ നല്ല ഉഗ്രന്‍ ‘ഹോം മെയ്ഡ് കഫ് സിറപ്പ്’ തയ്യാറാക്കുന്നതേയുള്ളൂ. അതെങ്ങനെയെന്ന് നോക്കാം.
ഒലിവ് ഓയില്‍, തേന്‍, ഗ്രേറ്റ് ചെയ്തുവച്ച ഇഞ്ചി പിന്നെ അല്പം നാരങ്ങാനീരും. ഇത്രയും സാധനങ്ങളുണ്ടെങ്കില്‍ കഫ് സിറപ്പ് റെഡി. അണുബാധകളെ പ്രതിരോധിക്കാനുള്ള കഴിവും ധാരാളം ആന്റി ഓക്സിഡന്റുകളും കൂടിയാകുമ്പോള്‍ ഒലിവ് ഓയില്‍ സത്യത്തില്‍ ഒരു മരുന്നിന് പകരക്കാരന് തന്നെയാവുകയായി. കഫക്കെട്ട് ഒഴിവാക്കാന്‍ പരമ്പരാഗതമായി നമ്മള് ആശ്രയിക്കുന്ന ഒന്നാണ് തേന്‍. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ‘ജിഞ്ചറോള്‍’ എന്ന പദാര്‍ത്ഥവും അണുബാധയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതാണ്.
ഇനിയിത് തയ്യാറാക്കുന്ന വിധം വിശദീകരിക്കാം. കാല് സ്പൂണ്‍ ഒലിവ് ഓയില്‍, അര സ്പൂണ്‍ തേന്‍, ഒരു നുള്ള് ഇഞ്ചി നന്നായി ഗ്രേറ്റ് ചെയ്തത്, അതല്ലെങ്കില്‍ ചതച്ചതുമാകാം, എല്ലാത്തിനും ശേഷം കാല് സ്പൂണ്‍ നാരങ്ങാനീര് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കഫ് സിറപ്പ് തയ്യാര്‍. ഇനി ജലദോഷമോ തൊണ്ടവേദനയോ അനുഭവപ്പെടുമ്പോള്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കണേ.
Post Your Comments